ദയനീയ തോല്‍വി; വിമര്‍ശനമേറ്റ് ഇന്ത്യന്‍ ടീം
മുംബൈ: രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ടെസ്റ്റിലെ തോല്‍വിയുടെ കയ്പ് ഇന്ത്യന്‍ ടീം ആവോളം അറിയുകയാണിപ്പോള്‍. തുടര്‍ച്ചയായ 19 വിജയങ്ങളുമായി കുതിച്ച ഇന്ത്യ ആസ്‌ത്രേലിയയെ സ്പിന്‍ കുഴിയൊരുക്കി വരവേറ്റപ്പോള്‍ ഇത്ര ദയനീയ അവസ്ഥ പ്രതീക്ഷിച്ചില്ല. സ്വയം കുഴിച്ച കുഴിയില്‍ വീണതിന്റെ അങ്കലാപ്പിലാണു ഇന്ത്യന്‍ സംഘം. ടീമിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഒപ്പം ക്രിക്കറ്റ് പ്രേമികളുടെ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ട്രോളുകളുടെ മലവെള്ളപ്പാച്ചില്‍ വേറെയും. ടീമിനേയും നായകന്‍ കോഹ്‌ലിയേയും കോച്ച് കുംബ്ലയെ പോലും ആരും വെറുതെ വിടുന്നില്ല. തോല്‍വിയിലല്ല തോറ്റ രീതിയിലാണു ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശയുള്ളത്. ഇന്ത്യയുടെ പത്തു ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്നു 107 റണ്‍സെടുത്ത പിച്ചില്‍ ഓസീസ് നായകന്‍ ഒറ്റയ്ക്ക് 109 റണ്‍സെടുത്തതാണു പലരും ചൂണ്ടിക്കാട്ടുന്ന വസ്തുത. ഒപ്പം രോഹിത് ശര്‍മയേയും മുഹമ്മദ് ഷമിയേയും ഗൗതം ഗംഭീറിനേയും തിരികെ ടീമിലേക്കു വിളിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
പ്ലെയിങ് ഇലവനില്‍ നിന്നു ജയന്ത് യാദവിനേയും ഇഷാന്ത് ശര്‍മയേയും ഒഴിവാക്കണമെന്നു മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആവശ്യപ്പെട്ടു. ബംഗളൂരുവില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇരുവരേയും ഒഴിവാക്കി പകരം ഭുവനേശ്വര്‍ കുമാറിനേയും ഒരു ബാറ്റ്‌സ്മാനെ അധികമായും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമാണു അസ്ഹര്‍ മുന്നോട്ടു വച്ചത്. ജയന്ത് യാദവിനു പകരം കരുണ്‍ നായര്‍ ടീമിലെത്തണമെന്നും അസ്ഹര്‍ വ്യക്തമാക്കി.
ഒരു തോല്‍വി കൊണ്ടു പരമ്പര നഷ്ടപ്പെട്ടിട്ടില്ലെന്നു ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ടീമിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ എതിര്‍ത്താണു സച്ചിന്‍ നിലപാട് വ്യക്തമാക്കിയത്. ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണു. ആസ്‌ത്രേലിയക്കെതിരായ പോരാട്ടം ടീമിനെ സംബന്ധിച്ച് എക്കാലത്തും കടുപ്പമാണ്. തിരിച്ചുവരാനും പരമ്പര നേടാനുമുള്ള അവസരം ഇപ്പോഴും മലര്‍ക്കെ തുറന്നിരിക്കുകയാണെന്നും ടീം ശക്തമായി തിരിച്ചെത്തുമെന്നും സച്ചിന്‍ പ്രതീക്ഷ പങ്കുവച്ചു. മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഇത്തരത്തിലൊരു തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നു വ്യക്തമാക്കി.
ഇന്ത്യ ശക്തമായി തിരിച്ചെത്തുമെന്ന് ഓസീസ് കോച്ച് ഡാരന്‍ ലേമാന്‍ ടീമിനു മുന്നറിയിപ്പു നല്‍കി. സ്വന്തം മൈതാനത്ത് എക്കാലത്തും ശക്തരായ ഇന്ത്യ തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള സംഘമാണെന്നും അടുത്ത മൂന്നു ടെസ്റ്റുകള്‍ നിര്‍ണയാകമാണെന്നും ലേമാന്‍ ഓര്‍മിപ്പിച്ചു.
ചരിത്രനേട്ടവുമായി സ്റ്റീവന്‍ സ്മിത്ത്
ദുബൈ: പൂര്‍ണമായും സ്പിന്നിനെ അനുകൂലിച്ച പിച്ചില്‍ ഉജ്ജ്വല സെഞ്ച്വറിയടിച്ച് ഓസീസിനെ മുന്നില്‍ നിന്നു നയിച്ച ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിങിലെ ഒന്നാം സ്ഥാനം ഒന്നുകൂടെ അരക്കിട്ടുറപ്പിച്ചു. ഒപ്പം ഒരു ചരിത്ര നേട്ടവും സ്മിത്ത് സ്വന്തമാക്കി.
സെഞ്ച്വറി പ്രകടനത്തിലൂടെ റേറ്റിങ് പോയിന്റ് 939ല്‍ എത്തിച്ച സ്മിത്ത് ചരിത്രത്തില്‍ ഒരു ടെസ്റ്റ് ബാറ്റ്‌സ്മാന്‍ സ്വന്തമാക്കുന്ന ആറാമത്തെ മികച്ച റേറ്റിങ് പോയിന്റ് നേടുന്ന താരമായും മാറി. ഡോണ്‍ ബ്രാഡ്മാന്‍ (961), ലെന്‍ ഹട്ടന്‍ (945), ജാക്ക് ഹോബ്ബ്‌സ്, റിക്കി പോണ്ടിങ് (942), പീറ്റര്‍ മെ (941) എന്നിവരാണു നേരത്തെ സ്മിത്തിനേക്കാള്‍ ഉയര്‍ന്ന റേറ്റിങ് പോയിന്റ് സ്വന്തമാക്കിയ ബാറ്റ്‌സ്മാന്‍മാര്‍. ഗാരി സോബേഴ്‌സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, കുമാര്‍ സംഗക്കാര എന്നിവര്‍ 938 പോയിന്റുകളും നേടിയിട്ടുണ്ട്.
ആസ്‌ത്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 333 റണ്‍സിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയുടെ ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരെന്ന പദവിക്കു തത്കാലം ഭീഷണിയില്ല.
രണ്ടിന്നിങ്‌സിലും പരാജയപ്പെട്ട നായകന്‍ വിരാട് കോഹ്‌ലി ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ രണ്ടാം സ്ഥാനവും നിലനിര്‍ത്തിയിട്ടുണ്ട്. ഒന്നാം സ്ഥാനത്തു തുടരുന്നതിനൊപ്പം രണ്ടാം സ്ഥാനത്തുളള വിരാട് കോഹ്‌ലിയെ ഏറെ പിന്നിലാക്കിയാണ് നിലവില്‍ സ്മിത്ത് കുതിക്കുന്നത്. 66 പോയിന്റിന്റെ വ്യത്യാസമാണു ഇരുവരും തമ്മിലുള്ളത്. കോഹ്‌ലിക്ക് 873 പോയിന്റുകളാണുള്ളത്. ജോ റൂട്ട് മൂന്നാം സ്ഥാനത്തും കെയ്ന്‍ വില്ല്യംസന്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു. ബൗളര്‍മാരുടെ റാങ്കിങില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് സ്റ്റീവ് ഒകീഫാണു. രണ്ടിന്നിങ്‌സിലുമായി ഇന്ത്യയുടെ 12 വിക്കറ്റുകള്‍ കറക്കിയിട്ട വെറ്ററന്‍ താരം ഒറ്റയടിക്ക് 33 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കായ 29ല്‍ എത്തി.
ആദ്യ ടെസ്റ്റില്‍ തോറ്റെങ്കിലും ഇന്ത്യന്‍ നിരയില്‍ മികച്ച ബൗളിങുമായി നിറഞ്ഞ ആര്‍ അശ്വിന്‍ ടെസ്റ്റ് ബൗളര്‍മാരിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."