ഉത്തര്‍പ്രദേശ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു
ലഖ്നോ: നേപ്പാളിനോടു ചേര്‍ന്ന തെരായ് മേഖല ഉള്‍പ്പെടെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു.
ബല്രാംപൂര്, ഗോണ്ഡ, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, ബെഹ്റിയാ, ശ്രാവസ്തി, സിദ്ധാര്‍ഥ് നഗര്‍, ബസ്തി, സാന്ത് കബീര്‍ നഗര്‍, അമേത്തി, സുല്‍ത്താന്‍പൂര്‍ തുടങ്ങിയ 11 ജില്ലകളിലെ മണ്ഡലങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് തെരഞ്ഞെടുപ്പ്.
എസ്.പി സ്ഥാനാര്‍ഥി ചന്ദ്രശേഖര്‍ കനൗജിയായുടെ മരണത്തെ തുടര്‍ന്ന് അലാപൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. ഇവിടെ മാര്‍ച്ച് ഒന്‍പതിനാണു തെരഞ്ഞെടുപ്പ്.
608 സ്ഥാനാര്‍ഥികളാണ് ഇത്തവണ 51 മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് അമേത്തിയിലാണ്. 24 പേരാണ് ഇവിടെ ജനവിധി തേടുന്നത്. സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ എത്വ, കപിലവസ്തു മണ്ഡലങ്ങളില്‍ ആറുവീതം സ്ഥാനാര്‍ഥികളാണുള്ളത്.
കോണ്‍ഗ്രസും എസ്.പിയും ഇവിടെ സഖ്യമില്ലാതെയാണു ജനവിധി തേടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. എസ്.പിയുടെ ഗായത്രി പ്രജാപതിയാണ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ മത്സരിക്കുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി ഗരിമാ സിങും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അമിതാ സിങുമാണ്. 1.84 കോടി വോട്ടര്‍മാരാണ് അഞ്ചാംഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 96 ലക്ഷം പേര് സ്ത്രീകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."