കെ.എ.എസ്: സംവരണ അട്ടിമറിക്കെതിരേ പ്രക്ഷോഭമെന്ന് മുസ്‌ലിം ലീഗ്
മലപ്പുറം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ ചട്ടങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് ദേശീയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേര്‍ന്നായിരിക്കും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ 17ന് രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് നടപ്പാകുന്നതോടെ സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. മൂന്ന് തരത്തിലുള്ള നിയമനമാണ് കെ.എ.എസിലുള്ളത്. ഇതില്‍ ആദ്യത്തേത് നേരിട്ടുള്ള നിയമനമാണ്. ഇതിന് സംവരണം ലഭിക്കും. രണ്ടും മൂന്നും വിഭാഗത്തില്‍ നിലവിലുള്ള ജീവനക്കാരില്‍നിന്ന് ട്രാന്‍സ്ഫറോ പ്രമോഷനോ നല്‍കുകയാണ്. ഇവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുകയുമില്ല. ഇതോടെ സംവരണം അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുകയില്ല. മേല്‍തട്ടിലേക്ക് പോകുംതോറും ഉദ്യോഗസ്ഥതലങ്ങളില്‍ സംവരണ സമുദായങ്ങളുടെ പ്രാതിനിധ്യം കുറയും. സര്‍ക്കാരിന്റെ ഈ നയം സംവരണ തത്വങ്ങള്‍ക്ക് എതിരാണെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."