റിസോഴ്‌സ് അധ്യാപകര്‍ക്ക് പുനര്‍നിയമനം തടഞ്ഞ് ഉദ്യോഗസ്ഥര്‍
തിരുവമ്പാടി (കോഴിക്കോട്): സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളും റിസോഴ്‌സ് അധ്യാപകരും സര്‍ക്കാര്‍ ചുവപ്പുനാടയുടെ ഇരകളാകുന്നു. സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ സേവനം ചെയ്തിരുന്ന റിസോഴ്‌സ് അധ്യാപകരെ ഇതുവരെ നിയമിക്കാത്തതാണ് ഭിന്നശേഷി കുട്ടികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഐ.ഇ.ഡി.എസ്.എസ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 717 അധ്യാപകര്‍ക്കാണ് പുനര്‍നിയമനം ലഭിക്കാത്തത്.
വിദ്യാഭ്യാസ മന്ത്രി ഏഴിന് പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചിരുന്നു. ഇതുസംബന്ധിച്ച ഫയലിന് വിദ്യാഭ്യാസ സെക്രട്ടറിയും അംഗീകാരം നല്‍കി. എന്നാല്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവില്‍ ഒപ്പുവയ്ക്കാത്തതാണ് അധ്യാപകനിയമനം വൈകാന്‍ കാരണം. പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റിലെ ഐ.ഇ.ഡി സെല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഫയല്‍ പിടിച്ചുവച്ചിരിക്കുകയാണെന്നാണ് അധ്യാപകരുടെ ആക്ഷേപം.
ഓരോഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ച് ചൂടാറും മുന്‍പാണ് ഭിന്നശേഷി കുട്ടികളുടെയും അധ്യാപകരുടെയും ജീവിതംകൊണ്ട് ഉദ്യോഗസ്ഥര്‍ കളിക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ 33 സ്‌പെഷല്‍ സ്‌കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കോടികളുടെ കോഴഇടപാട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഡി.പി.ഐയിലെ ചില ഡി.ഡി.ഇമാര്‍ മലപ്പുറത്ത് ബിനാമിയായി സ്‌പെഷല്‍ സ്‌കൂള്‍ നടത്തുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. പുതുതായി അംഗീകാരം നേടിയ സ്‌പെഷല്‍ സ്‌കൂളുകളില്‍ ഭിന്നശേഷിയുള്ളവര്‍ കുറവായതിനാല്‍ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ രേഖയില്‍ കാണിച്ചാണ് സ്വകാര്യ സ്പഷല്‍ സ്‌കൂളുകള്‍ നിലനില്‍പ്പിനായി ശ്രമം നടത്തുന്നത്.
അതേസമയം, സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ റിസോഴ്‌സ് അധ്യാപക നിയമനം പരമാവധി വൈകിപ്പിച്ച് സങ്കലിത വിദ്യാഭ്യാസ പദ്ധതി അട്ടിമറിക്കാനാണ് ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയരക്ടറുടെ നീക്കമെന്നും അധ്യാപകര്‍ പരാതിപ്പെടുന്നു. ഹൈസ്‌കൂളുകളിലെ റിസോഴ്‌സ് റൂമുകളിലേക്കുള്ള ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, അറ്റന്‍ഡര്‍ നിയമനവും ഇതുവരെ നടന്നിട്ടില്ല. ഇതിനായി കേന്ദ്ര മാനവശേഷി മന്ത്രാലയം അനുവദിച്ച തുകയും ചെലവഴിച്ചിട്ടില്ല. റിസോഴ്‌സ് അധ്യാപകരെ മാര്‍ച്ച് 31ന് പിരിച്ചുവിട്ട് ഏപ്രിലില്‍ തിരിച്ചെടുക്കാറാണ് പതിവ്. രണ്ടര മാസമായി അധ്യാപകര്‍ ജോലിയില്ലാതെ ദുരിതമനുഭവിക്കുകയാണ്.
കഴിഞ്ഞവര്‍ഷം അന്നത്തെ ഡി.ഡി.ഇ ജനുവരിയില്‍ പുനര്‍നിയമന നടപടികള്‍ പൂര്‍ത്തികരിച്ചതിനാല്‍ ഏപ്രിലില്‍ അധ്യാപകര്‍ക്ക് ജോലി ലഭിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 30നാണ് ബന്ധപ്പെട്ട ഫയല്‍ സെക്രട്ടേറിയറ്റിലേക്ക് അയച്ചത്. നൂറു ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായിരുന്ന ഐ.ഇ.ഡി.എസ്.എസ് പദ്ധതി ഫണ്ടില്‍ ഈ വര്‍ഷം മുതല്‍ 40 ശതമാനം സംസ്ഥാനം വഹിക്കണം. 2016-17 വര്‍ഷം 717 റിസോഴ്‌സ് അധ്യാപകരെ നിയമിക്കാനുള്ള ഫണ്ടിന് കേന്ദ്ര മാനവശേഷി മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.
അധ്യാപക നിയമനം നടക്കാത്തതിനാല്‍ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളയിനത്തില്‍ കേന്ദ്രം അനുവദിച്ച തുക പാഴാകുകയായിരുന്നു. 16 വര്‍ഷത്തോളമായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരും റിസോഴ്‌സ് അധ്യാപകരില്‍ ഉള്‍പ്പെടുന്നുണ്ട്. അധ്യാപകരില്ലാത്തതിനാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കേണ്ട ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ സര്‍വേ, പരീശീലന ക്യാംപ് എന്നിവ മുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."