പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂട്ടാന്‍ പഠനോത്സവം
ഫസല്‍ മറ്റത്തൂര്‍#
മലപ്പുറം: പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കുക ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പഠനനോത്സവം പദ്ധതി. നടപ്പു അധ്യയന വര്‍ഷം അവസാനിക്കാനിരിക്കെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് വിവിധ ഘട്ടങ്ങളിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷത്തെ മികവിന്റെ വര്‍ഷമായാണ് സര്‍ക്കാര്‍ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി മുന്‍കൂട്ടി ഒരോ വിദ്യാലയങ്ങള്‍ക്കും പ്രത്യേകം മാസ്റ്റര്‍പ്ലാനുകള്‍ തയാറാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാലയങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ പഠനോത്സവം എന്ന പേരില്‍ 26 മുതല്‍ ഒരാഴ്ചത്തെ പരിപാടി നടക്കുക. ഇതിനുശേഷം മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കാംപയിന്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
ബി.ആര്‍.സികളുടെ നേതൃത്വത്തില്‍ നടത്തേണ്ട പ്രവൃത്തി അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം വരേ തുടരാനാണ് നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങള്‍ തയാറാക്കുന്ന കര്‍മപദ്ധതികളുടെ അടിസ്ഥാനത്തില്‍ മതിയായ കുട്ടികളില്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂട്ടുന്നതിനായി പ്രത്യേക എന്റോള്‍മെന്റ് കാംപയിനുകള്‍ നടത്തണം. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കേണ്ട ഈ പ്രവൃത്തി മാര്‍ച്ചില്‍ തന്നെ ആരംഭിക്കണം. പഠനോത്സവം മുതല്‍ പ്രവേശനോത്സവം വരെ നടക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമിതി ഇതിനകം രൂപീകരിച്ചിട്ടുണ്ട്. പൊതുവിദ്യാലയ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്താകെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ 1.85 ലക്ഷം കുട്ടികള്‍ പുതുതായി എത്തിയിരുന്നു. 2017 ല്‍ 1.45ലക്ഷം കുട്ടികളാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. രണ്ടുലക്ഷം കുട്ടികളെയെങ്കിലും ഇത്തവണ അധികമായി എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."