വാറ്റിന്റെ മറവില്‍ സാധനം വിലകൂട്ടി വിറ്റ സ്ഥാപനം സീല്‍ ചെയ്തു
മനാമ: ബഹ്‌റൈനില്‍ മൂല്യവര്‍ധിത നികുതിയായ വാറ്റ് നിലവില്‍ വന്നതോടെ ഇതിന്റെ മറപിടിച്ച് വിലവര്‍ധന നടത്തി കച്ചവടം ചെയ്യുന്നവര്‍ ജാഗ്രതൈ! നേരത്തെ വാറ്റ് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് മാത്രമാണ് വാറ്റ് ഉണ്ടാവുകയുള്ളൂവെന്നതിനാല്‍ വാറ്റ് രജിസ്റ്റര്‍ ചെയ്യാതെ കൂടുതല്‍ സംഖ്യക്ക് സാധനം വിറ്റതായി ആരെങ്കിലും പരാതി അറിയിച്ചാല്‍ അധികൃതരെത്തി ആ സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്യും.
മനാമയിലെ ഒരുസ്ഥാപനം അധികൃതരെത്തി അടച്ചുപൂട്ടിയ വാര്‍ത്ത ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി(ബി.എന്‍.എ) തന്നെയാണ് ഫോട്ടോ സഹിതം പുറത്തുവിട്ടത്. അതേ സമയം ഒരു ഷോപ്പിങ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ബഹ്‌റൈനില്‍ ജനുവരി ഒന്നിന് പുതുവര്‍ഷാരംഭത്തോടെയാണ് മൂല്യവര്‍ധിത നികുതി നിലവില്‍ വന്നത്. അഞ്ച് മില്യന്‍ ദിനാര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളാണ് ആദ്യഘട്ടത്തില്‍ വാറ്റിന്റെ പരിധിയിലുള്ളത്. ഇത്തരം കമ്പനികള്‍ ജനുവരി ഒന്നിന് മുന്‍പ് ടാക്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ധനകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്രകാരം വാറ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ അധികൃതര്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ കാണുംവിധം കടയുടെ പരിസരത്ത് പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. കൂടാതെ വാറ്റ് സംബന്ധമായ അറിയിപ്പുകള്‍ക്ക് മാത്രമായി 80008001 എന്ന ഹോട്ട് ലൈന്‍ നമ്പറും പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ചൂഷണം തടയുന്നതിനും ശക്തമായ നടപടികളും പരിശോധനകളും തുടരുമെന്നും പിടിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."