വിവാദ ഫയല്‍ പരിശോധന; നിയമസെക്രട്ടറിയെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരെ അഴിച്ചുപണിതെങ്കിലും നിയമസെക്രട്ടറിയെ മാറ്റാത്തതിനെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്നതിനായി നിയമസഭാ ഉപസമിതി ചുമതലപ്പെടുത്തിയിരിക്കുന്നത് നിയമസെക്രട്ടറിയെയാണ്. എന്നാല്‍, കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച നിയമസെക്രട്ടറി വിവാദ ഫയലുകള്‍ പരിശോധിക്കുന്നത് ഉചിതമല്ലെന്ന് സി.പി.ഐ മന്ത്രിമാര്‍ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തെ മാറ്റേണ്ടെന്ന നിലപാട് സി.പി.എം സ്വീകരിച്ചതോടെയാണ് ഭിന്നത ഉടലെടുത്തത്. ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്തി സി.പി.ഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.
നിയമസെക്രട്ടറിയെ മാറ്റണമെന്ന് ഇടതുമുന്നണിയിലും ആവശ്യമുയര്‍ന്നെങ്കിലും തല്‍ക്കാലം മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലാണ് സി.പി.എം. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ വിധി പ്രസ്താവിച്ച തിരുവനന്തപുരം മുന്‍ വിജിലന്‍സ് ജഡ്ജി പി.കെ ഹനീഫയെ നിയമസെക്രട്ടറിയായി നിയമിക്കണമെന്നു സി.പി.എമ്മില്‍ ആവശ്യമുയര്‍ന്നതിനിടെയാണ് നിലവിലുള്ള നിയമസെക്രട്ടറിയെ തുടരാന്‍ അനുവദിച്ചിരിക്കുന്നത്. അതേസമയം, വിവാദ ഫയലുകള്‍ പരിശോധിച്ച് രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിയമമന്ത്രികൂടിയായ എ.കെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി നിയമസെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."