നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങളുടെ സമ്പൂര്‍ണ ഡാറ്റാബാങ്ക് വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങളുടെ സമ്പൂര്‍ണ ഡാറ്റാബാങ്ക് തയാറാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പിന്‍ബലത്തോടെയാണ് ഡാറ്റാബാങ്ക് തയാറാക്കുന്നതിനുള്ള പദ്ധതി കൃഷിവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്ത് 2008നു ശേഷം നികത്തിയ പാടങ്ങളുടേയും നിലവില്‍ കൃഷിചെയ്യുന്ന പാടങ്ങളുടേയും കൃത്യമായ വിവരങ്ങളും കണക്കുകളും ശേഖരിച്ചു സൂക്ഷിക്കുകയാണ് ലക്ഷ്യം.
ഇതിനായി ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ച് ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിക്കും. 2008നു മുന്‍പുള്ള ഉപഗ്രഹ ചിത്രങ്ങളും, 2008നു ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങളും വിലയിരുത്തിയായിരിക്കും ഡാറ്റാബാങ്ക് തയാറാക്കുക. 2013ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂമന്ത്രിയായിരിക്കേ സംസ്ഥാനത്തെ റീസര്‍വേ പൂര്‍ത്തിയാക്കാന്‍ ഉപഗ്രഹ ചിത്രങ്ങളെടുക്കുന്നതിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഉപഗ്രഹ ചിത്രങ്ങള്‍ വഴിയുള്ള സര്‍വേ രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുമെന്ന വാദം ശക്തമായതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്.
നിലവില്‍ 2008നു ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാണ്. എന്നാല്‍, 2008നു മുന്‍പുള്ള ഉപഗ്രഹ ചിത്രങ്ങളിലെല്ലാം കേരളത്തിന്റെ 40 ശതമാനം ഭാഗം മാത്രമേ തെളിഞ്ഞിട്ടുള്ളൂവെന്ന സാങ്കേതിക പ്രശ്‌നവുമുണ്ട്. ഐ.എസ്.ആര്‍.ഒയുടെ ഹൈദരാബാദിലെ നാഷനല്‍ റിമോര്‍ട്ട് സെന്‍സിങ് സെന്ററിലാണ് കേരളത്തിന്റെ ഇത്തരം ഉപഗ്രഹ ചിത്രങ്ങളുള്ളത്. ഇന്ത്യന്‍ ഉപഗ്രഹങ്ങളില്‍ നിന്നെടുത്തിട്ടുള്ള കേരളത്തിന്റെ ചിത്രങ്ങളായിരിക്കും ഇതിനായി ആദ്യം ഉപയോഗിക്കുക. എന്നാല്‍, ഇത് തെളിമയുള്ള (ഹൈ റെസല്യൂഷന്‍ സാറ്റലൈറ്റ് പിക്ച്ചര്‍) ചിത്രങ്ങളല്ലെങ്കില്‍ കേരളത്തിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയതും കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ മറ്റു രാജ്യങ്ങളിലെ ഉപഗ്രഹങ്ങളില്‍ നിന്നെടുത്ത ഉപഗ്രഹ ചിത്രങ്ങളെ ആശ്രയിക്കേണ്ടി വരും. ഇത് സംസ്ഥാന സര്‍ക്കാരിനു നേരിട്ട് ആവശ്യപ്പെടാന്‍ കഴിയില്ല. അതതു രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ മാത്രമേ ഇത്തരം ഉപഗ്രഹ ചിത്രങ്ങള്‍ കൈമാറ്റം ചെയ്യാനാകൂ.
കേരളത്തിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ സെസ്സ് അടക്കമുള്ളവയുടെ സഹായവും ഇതിനായി ഉപയോഗിക്കും. സംസ്ഥാനത്ത് 2004-05 കാലഘട്ടത്തില്‍ 2.90,000 ഹെക്ടര്‍ നെല്‍വയലുകളുണ്ടായിരുവെന്നാണ് കണക്കുകള്‍. എന്നാല്‍, 2014-15ല്‍ ഇത് 1.98,000 ഹെക്ടറായി കുറഞ്ഞു. പത്തുവര്‍ഷം കൊണ്ട് 32 ശതമാനം നെല്‍വയലുകളാണ് നികത്തപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തത്. എന്നാല്‍, തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതിന്റെ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. നിലവില്‍ നെല്‍വയലുകള്‍ നികത്തപ്പെടുകയോ നെല്‍കൃഷി ഇല്ലാതാവുകയോ ചെയ്താല്‍ ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്ന 2021ല്‍ കേരളത്തിലെ നെല്‍വയലുകളുടെ അളവ് ക്രമാതീതമായി കുറയും. ഇതുമനസിലാക്കിയാണ് നിലവിലുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനായി ഡാറ്റാബാങ്ക് തയാറാക്കുന്നതെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. 14ന് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ ഒരു ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ ശാസ്ത്ര സാങ്കേതിക വിദഗ്ധരടക്കമുള്ളവര്‍ പങ്കെടുക്കും.
സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും ഡാറ്റാബാങ്ക് തയാറാക്കുക. യോഗത്തില്‍ ഡാറ്റാബാങ്ക് തയാറാക്കുന്നതിനുള്ള വിദഗ്ധ സംഘത്തെയും നിശ്ചയിക്കാന്‍ സാധ്യതയുണ്ട്. വിദേശ ഉപഗ്രഹ ചിത്രങ്ങളെ ആശ്രയിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമോയെന്നതും ചര്‍ച്ച ചെയ്യും.
റവന്യൂ, കൃഷി വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഫണ്ടിങ്ങും പദ്ധ തിക്ക് മന്ത്രിസഭയുടെ അംഗീകാരം നേടിയെടുക്കലുമാണ് വലിയ കടമ്പ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."