കൊറോണ 1793 പേര്‍ നിരീക്ഷണത്തില്‍, അസുഖബാധിത മേഖലകളില്‍നിന്ന് കേരളത്തില്‍ എത്തിയത് 322പേര്‍, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍
തൃശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1793 പേര്‍ നിരീക്ഷണത്തില്‍ തുടരുമ്പോഴും പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന ആശ്വാസത്തിലാണ് കേരളം. കൊറോണ ബാധിതയായ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നതും അശ്വാസം പകരുന്നു. കൊറോണ ബാധിത മേഖലകളില്‍നിന്നുള്ള 322 പേര്‍ ഇതിനകം കേരളത്തില്‍ എത്തിച്ചേര്‍ന്നതായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം കൊറോണ ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ സന്ദേശം ഫോര്‍വേഡ് ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സൈബര്‍ സെല്‍ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം 1471 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. രോഗലക്ഷണങ്ങളോടെ 21 പേരെയാണ് ശനിയാഴ്ച വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഇവരിലാര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. ആകെ 71പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.
39 സാംപിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചതില്‍ 24പേരുടെ ഫലമാണ് ലഭിച്ചത്. ഇതില്‍ തൃശൂരിലെ വിദ്യാര്‍ഥിയുടെത് മാത്രമാണ് പോസിറ്റീവായത്. ഈ സാംപിള്‍ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
എങ്കിലും വൈറസ് ബാധയുടെ ഇന്‍ക്യുബേഷന്‍ കാലഘട്ടം കഴിയുംവരെ ഇവര്‍ക്ക് സൂക്ഷ്മ നിരീക്ഷണം തുടരും. ഓരോ കേസിലും 28 ദിവസത്തെ നിരീക്ഷണമാണ് വേണ്ടത്.
തൃശൂര്‍ ജില്ലയില്‍ ആശുപത്രിയില്‍ 22 പേരും വീടുകളില്‍ 133 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 29 പേരാണ് ശനിയാഴ്ച മുതല്‍ പുതിയതായി നിരീക്ഷണത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."