അപ്പോള്‍ മറന്നേക്കാം, സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യചികിത്സ: ജില്ലാ ആശുപത്രികളോട് ചേര്‍ത്ത് സ്വകാര്യമെഡിക്കല്‍ കോളജുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര നീക്കം
ന്യൂഡല്‍ഹി: അപ്പോള്‍ ഇനി മറക്കാം സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ. പാവപ്പെട്ടവരുടെ ചികിത്സാ സൗജന്യത്തിലും വിലക്കേര്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജില്ലാ ആശുപത്രികളോട് ചേര്‍ത്ത് മെഡിക്കല്‍ കോളജുകള്‍ രൂപീകരിച്ച് സ്വാകാര്യ മേഖലയ്ക്കു കൈമാറാനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. ബജറ്റില്‍ അതിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. പദ്ധതി നടപ്പായാല്‍ ജില്ലാ ആശുപത്രികളിലെ സൗജന്യ ചികിത്സ സ്വപ്നം മാത്രമാകും. നഴ്‌സിംഗ്, എം.ബി.ബി.എസ് പഠനച്ചെലവും ഭാരിച്ചതാകും. ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആരംഭിക്കാനാണ് ബജറ്റില്‍ നിര്‍ദേശം. ഉടന്‍ തന്നെ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
യോഗ്യതയുള്ള ഡോക്ടര്‍മാരുടെ കുറവ് രാജ്യം നേരിടുന്നുണ്ട്. ജനറല്‍ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും കുറവ് പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. സ്വകാര്യ പങ്കാളിത്തോടെ പൊതു-സ്വകാര്യ മാതൃകയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതെന്നുമാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്.
പദ്ധതി പ്രകാരം സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കോ, പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്നവയ്‌ക്കോ ജില്ലാ ആശുപത്രികള്‍ 60വര്‍ഷം പാട്ടത്തിന് വിട്ടുകൊടുക്കും. പാട്ട കാലാവധി പിന്നീട് പുതുക്കാമെന്നാണു വ്യവസ്ഥ. ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് നിര്‍മിക്കുക, അടിസ്ഥാന സൗകര്യം ഒരുക്കുക, ആശുപത്രി വളപ്പ് നവീകരണം തുടങ്ങി എല്ലാ പ്രവര്‍ത്തനവും സ്വകാര്യ മേഖലയ്ക്കാകും. ആശുപത്രി ഭരണത്തിന് മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കും. ആശുപത്രി, മെഡിക്കല്‍ കോളജ് വളപ്പിലെ പാര്‍ക്കിങ് അടക്കം എല്ലാ സൗകര്യങ്ങള്‍ക്കും യൂസര്‍ ചാര്‍ജ് ഈടാക്കാനും പദ്ധതിയുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണ അനുമതിയില്ലാതെ ജില്ലാ ആശുപത്രി സ്വകാര്യ മേഖലയ്ക്ക് കൈമാറാനാകില്ല എന്നതാണ് നല്‍കുന്ന ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."