പുന്നയൂര്‍ പഞ്ചായത്തിലെ വിഷപ്പുക; 'ഫ്‌ളക്‌സുകള്‍ കത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണം'
ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനകത്ത് വിഷപ്പുക കയറാന്‍ കാരണമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അഗ്നിക്കിരയാക്കിയത് സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പഞ്ചായത്ത് കെട്ടിടത്തിലെ ഉപയോഗ ശൂന്യമായ കടലാസുകളും മറ്റും കത്തിക്കുന്നത് കെട്ടിടത്തിനു തെക്ക് കിഴക്ക് മൂലയില്‍ മതിലില്‍ നിന്ന് ഒരു ചാണ്‍ മാത്രം അകലമുള്ള വാര്‍പ്പ് റിങിലിട്ടാണ്. സംഭവ ദിവസം ഈ റിങില്‍ കൃഷി ഭവന്‍ മുഖേന വിതരണം ചെയ്യുന്ന വാഴക്കന്നുകളില്‍ ചിലതും പാതിയോളം കത്തിയ വാള്‍ പോസ്റ്ററുകളുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ ചുറ്റുമതില്‍ ഇവിടെ രണ്ടടിയാണ്. ഇടത് ഭാഗത്ത് ഭാഗത്ത് ആലാപ്പാലം റോഡ് വക്കില്‍ നിന്ന് ഏഴടിയിലേറെ ഉയരത്തിലാണ് ഈ മതിലും കെട്ടിടവുമുള്ളത്. ഈ റിങിനു സമീപത്താണ് പൊതുസ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൂട്ടിയിട്ടത്. അതിനാല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് നിന്ന് ഈ ഇടവഴിയിലൂടെ പിന്‍ഭാഗത്തെ റിങിനു സമീപത്തേക്ക് നടന്നെത്താന്‍ ആര്‍ക്കും കഴിയില്ല. താഴെ നിന്ന് ഉയരമുള്ളതിനാലും പുറത്ത് നിന്നുള്ള ആര്‍ക്കും ഇവിടേക്ക് കയറാനാകില്ല. വ്യാഴാഴ്ച്ച ഉച്ചക്ക് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പങ്കെടുത്ത കുടുംബശ്രീ പ്രവര്‍ത്തകരാണ് അകത്ത് കയറിയ വിഷപ്പുക ശ്വസിച്ച് അപകടത്തില്‍പെട്ടത്. 120ലേറെ സ്ത്രീകളാണ് കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മമാരില്‍ ഒരാളെ തൃശൂര്‍ മുളങ്കുന്നത്ത്കാവ് ഗവ.മെഡിക്കല്‍കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് കെട്ടിടത്തിനു മുകളില്‍ നിര്‍മിച്ച കമ്യൂനിറ്റി ഹാളില്‍ ഇത്തരത്തില്‍ അപകടങ്ങള്‍ മുന്നില്‍ കണ്ട് എടുക്കേണ്ട യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."