തദ്ദേശവാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്‍ വ്യാഴാഴ്ച നിയമസഭയില്‍
വാര്‍ഡുകളുടെ ബില്‍ ഗവര്‍ണര്‍ക്ക് മുന്‍കൂട്ടി നല്‍കാതെ
ക്രിസ്ത്യന്‍ സെമിത്തേരികളിലെ ശവസംസ്‌കാര അനുമതി ബില്ലും
ജലീല്‍ അരൂക്കുറ്റി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പഞ്ചായത്ത് രാജ് നഗരപാലിക നിയമഭേദഗതി ബില്‍ നടപ്പു നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. കൂടാതെ ക്രിസ്ത്യന്‍ സെമിത്തേരികളില്‍ എല്ലാവിഭാഗത്തിന്റെയും ശവസംസ്‌കാരം നടത്തുന്നതിന് സൗകര്യം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ബില്ലായി അവതരിപ്പിക്കും. നിയമസഭയുടെ കാര്യോപദേശകസമിതി യോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ചയാണ് ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുന്നത്. തദ്ദേശവാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്ലിന് ശക്തമായ എതിര്‍പ്പ് പ്രതിപക്ഷത്ത് നിന്നുണ്ടായേക്കും.
തദ്ദേശവാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെക്കാത്തത് വിവാദമായിരുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഇക്കാര്യത്തില്‍ പരസ്യമായി പോരടിക്കുകയും ചെയ്തു. വാര്‍ഡുവിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സിനെക്കുറിച്ചുള്ള വിശദീകരണം തദ്ദേശ മന്ത്രി എ.സി മൊയ്തീന്‍ നേരില്‍ കണ്ട് ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന മറുപടിയാണ് ഗവര്‍ണര്‍ പരസ്യമായി നല്‍കിയത്.
നിയമസഭയില്‍ നിയമം അവതരിപ്പിച്ചാല്‍ പോരെയെന്ന് ഗവര്‍ണര്‍ ചോദിക്കുകയും ചെയ്തു. ഓര്‍ഡിനന്‍സിനെതിരേ പ്രതിപക്ഷവും രംഗത്തു വന്നിരുന്നു. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും മുസ്‌ലിം ലീഗ് ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതെ ഗവര്‍ണര്‍ തിരിച്ചയക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി പഞ്ചായത്ത് രാജ് ആക്ടും നഗരസഭാ ആക്ടും ഭേദഗതി ചെയ്തു നിയമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബില്ല് ഗവര്‍ണര്‍ക്ക് മുന്‍കൂറായി നല്‍കാതെയാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്. നിയമസഭ പാസാക്കി കഴിഞ്ഞാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷപ്രമേയം തള്ളിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെതിരായി കടുത്ത നടപടികള്‍ സ്വീകരിക്കുകയില്ലെന്നാണ് കണക്കുകൂട്ടുന്നത്. ജനസംഖ്യാ സെന്‍സസ് ആരംഭിക്കാനിരിക്കെ വാര്‍ഡുകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് നിയമപരമായി അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം നിയമത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. പുതിയ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും രൂപീകരിക്കുന്നതിന് മാത്രമാണ് തടസമെന്നും വാര്‍ഡുകള്‍ ഓരോന്ന് വര്‍ധിപ്പിക്കുന്നതിന് തടസമില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക ബാധ്യത വരാത്ത ബില്ലായതിനാലും ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരികെ അയക്കാത്തതിനാലും മുന്‍കൂറായി ബില്‍ ഗവര്‍ണര്‍ക്ക് നല്‍കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നുവീതം വര്‍ധിപ്പിക്കാനാണ് തീരുമാനം.
ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭകളുടെ തര്‍ക്കം മൂലം മൃതദേഹം അടക്കം ചെയ്യാന്‍ കഴിയാതെ ക്രമസമാധാനപ്രശ്‌നമായി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ക്രിസ്ത്യന്‍ സെമിത്തേരികളിലെ ശവസംസ്‌കാര അനുമതി ബില്ലും കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാവിഭാഗത്തിലുള്ളവര്‍ക്കും ബാധകമായ വിധത്തിലാണ് ബില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."