പ്ലസ്‌വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു
മലപ്പുറം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ജൂണ്‍ 20ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റിന്റെ ഒരു സാധ്യതാ ലിസ്റ്റാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. www.h-scap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും ജനന തീയതിയും ജില്ലയും നല്‍കി ട്രയല്‍ ഫലം പരിശോധിക്കാം.
അതേസമയം ആദ്യ അലോട്ട്‌മെന്റ് മുതലാണ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം നടക്കുക. വിദ്യാര്‍ഥികള്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ഫലം പരിശോധിച്ച് അപേക്ഷാ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തുന്നതിനുള്ള അവസരമാണിപ്പോള്‍. ആവശ്യമെങ്കില്‍ നേരത്തെ നല്‍കിയ ഒപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും പുതിയവ കൂട്ടിച്ചേര്‍ക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവസരം ഉണ്ട്. നാളെ വൈകുന്നേരം നാലുമണിവരെയാണ് വിദ്യാര്‍ഥികള്‍ക്ക് തെറ്റുതിരുത്താനുള്ള സമയം. അപേക്ഷാവിവരങ്ങളും WGPA യും കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തിരുത്തലിനുള്ള അപേക്ഷകള്‍ ജൂണ്‍ 14 ന് വൈകുന്നേരം നാല് മണിക്ക് മുമ്പ് ആദ്യം അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്. അപേക്ഷയില്‍ വിദ്യാര്‍ഥിയുടെ ഒപ്പും രക്ഷിതാവിന്റെ ഒപ്പും തിരുത്തേണ്ട വിവരങ്ങളുടെ വിദശാംശങ്ങളും ഉണ്ടായിരിക്കണം.
ഇനിയും കൗണ്‍സിലിങിന് ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സിലിംഗ് സമിതിക്ക് മുന്നില്‍ 14നകം പരിശോധനക്ക് ഹാജരാക്കി റഫറന്‍സ് നമ്പര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം.
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം വെരിഫിക്കേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അവ ഏതെങ്കിലും സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുന്നതിന് അവസാന അവസരം നല്‍കും.
ജൂണ്‍ 14 ന് വൈകിട്ട് നാലു മണിക്കുള്ളില്‍ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷകള്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം.
ട്രയല്‍ അലോട്ട്‌മെന്റ് നടത്തിയത് 83.38 സീറ്റുകളിലേക്ക്
പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് ലഭ്യമായ 83.38 ശതമാനം സീറ്റുകളിലേക്കാണ് ഇന്നലെ ട്രയല്‍ അലോട്ട്‌മെന്റ നടത്തിയത്. സംസ്ഥാനത്ത് ലഭ്യമായ 241376 സീറ്റുകളിലേക്ക് 498356 വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ 201271 വിദ്യാര്‍ഥികള്‍ക്കാണ് ട്രയല്‍ അലോട്ട്‌മെന്റ് ഫലം അനുസരിച്ച് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത ലഭിച്ചിരിക്കുന്നത്. 40105 സീറ്റുകളിലേക്കാണ് ഇനി അലോട്ട്‌മെന്റ് നടക്കാനുള്ളത്.
റാങ്ക് പരിശോധനയില്‍ ആശങ്ക വേണ്ട
റാങ്ക് പരിശോധിക്കുമ്പോള്‍ ട്രയല്‍ അലോട്ട്‌മെന്റിലോ ആദ്യ അലോട്ട്‌മെന്റിലോ കടന്നുകൂടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ തങ്ങളുടെ റാങ്ക് സംബന്ധിച്ച് ആശങ്കപ്പെടരുത്. ഉദാഹരണമായി 50 സീറ്റുകളുള്ള സ്‌കൂളില്‍ 300 നു മുകളില്‍ റാങ്കാണെന്നു കരുതി തനിക്ക് ആ സ്‌കൂളില്‍ പ്രവേശനം ലഭിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ കരുതരുത്. നിശ്ചിത സ്‌കൂളിലെ വിഷയ കോംപിനേഷന്‍ ഏതെങ്കിലും ഒപ്ഷനായി നല്‍കിയ ജില്ലയിലെ എല്ലാ അപേക്ഷകരുടെയും റാങ്കാണിത്. ഈ അപേക്ഷകരെല്ലാം ഈ സ്‌കൂളിന്റെ അലോട്ട്‌മെന്റ് ലിസ്റ്റില്‍ വരണമെന്നില്ല. അപേക്ഷകരുടെ മെറിറ്റ് അനുസരിച്ച് കൂടുതല്‍ മെച്ചപ്പെട്ട അവരുടെ മറ്റ് ഒപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."