ഷഹീന്‍ബാഗ് സമരക്കാരുമായി ചര്‍ച്ചക്ക് തയാറെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരേ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്ന വനിതകളുമായി ചര്‍ച്ചക്ക് തയാറെന്ന് കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഷഹീന്‍ബാഗ് സമരക്കാരുമായി മോദി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും പൗരത്വനിയമ ഭേദഗതിയെ കുറിച്ചുള്ള അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാമെന്നും ട്വീറ്റ് ചെയ്തത്. എന്നാല്‍ ചര്‍ച്ച കൃത്യമായ ഘടനയിലായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഷഹീന്‍ബാഗ് സമരക്കാരുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണ്. പക്ഷെ, ചര്‍ച്ച കൃത്യമായ ഘടനയിലായിരിക്കണം. പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള അവരുടെ എല്ലാ വിധ സംശയങ്ങള്‍ ദൂരീകരിക്കാനും സര്‍ക്കാര്‍ തയാറാണ് ' രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
താന്‍ പങ്കെടുത്ത ഒരു ടി.വി ചര്‍ച്ചയുടെ ലിങ്കും മന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ചര്‍ച്ചയില്‍ എന്ത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഷഹീന്‍ബാഗ് സമരക്കാരുമായി ചര്‍ച്ച നടത്താത്തതെന്ന ചോദ്യത്തിന് 'ഷഹീന്‍ ബാഗിലെത്തി ചര്‍ച്ചക്ക് തയാറല്ലെന്നും അവിടെ നിന്ന് ആരെങ്കിലും മോശമായി പെരുമാറിയാല്‍ എന്ത് ചെയ്യുമെന്നും'മന്ത്രി തിരിച്ച് ചോദിക്കുന്നുണ്ട്.
പൗരത്വ നിയമഭേദഗതി, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവക്കെതിരേ കഴിഞ്ഞ 47 ദിവസത്തോളമായി സമരം ചെയ്യുന്ന ഷഹീന്‍ബാഗ് സമരക്കാരുമായി ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുനയ നീക്കം. സാമുദായിക വേര്‍തിരിവില്ലാതെ നടത്തുന്ന സമരത്തിന്റെ മുന്‍ നിരയില്‍ പ്രധാനമായും സ്ത്രീകളാണ്. നേരത്തെ, ഷഹീന്‍ബാഗ് സമരക്കാര്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള ബി.ജെപി നേതാക്കാള്‍ രംഗത്തെത്തിയിരുന്നു.
ഷഹീന്‍ ബാഗ് സമരം ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്കെതിരേ പ്രധാന വിഷയമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചക്ക് നീക്കം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."