മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി; 550 മെഗാവാട്ട് വൈദ്യുതി കുറഞ്ഞു
സ്വന്തം ലേഖകന്‍
തൊടുപുഴ: ഇടുക്കി വൈദ്യുത പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. ഇതോടെ പൂര്‍ണമായും ഷട്ട് ഡൗണ്‍ ചെയ്ത പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം വൈകിട്ടോടെ ഭാഗീകമായി പുനരാരംഭിച്ചു.
ആറാം നമ്പര്‍ ജനറേറ്ററിന്റെ എല്‍.എ.വി.ടി (ലൈറ്റ്‌നിങ് അറസ്റ്റര്‍ ആന്‍ഡ് വോള്‍ട്ടേജ് ട്രാന്‍സ്‌ഫോര്‍മര്‍) പാനലിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ആറാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഭൂഗര്‍ഭ നിലയമായതിനാല്‍ പുക നിറഞ്ഞു. ആളപായം ഇല്ല. നിലയത്തിനുള്ളില്‍ അഗ്‌നിരക്ഷാ സേന എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
കഴിഞ്ഞ 20 ന് രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്‌സൈറ്ററില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. ഈ ജനറേറ്റര്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
3,4, നമ്പര്‍ ജനറേറ്ററുകള്‍ വൈകിട്ടോടെ പ്രവര്‍ത്തനം തുടങ്ങി. നവീകരണത്തിലുള്ള ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ സ്‌പെറിക്കല്‍ വാല്‍വ് മാറുന്ന ജോലികള്‍ നടക്കുകയാണ്. 130 മെഗാവാട്ട് വീതം ശേഷിയുള്ള 6 ജനറേറ്ററുകളാണ് മൂലമറ്റം പവര്‍ ഹൗസിലുള്ളത്. ഇന്നലത്തെ പൊട്ടിത്തെറിയോടെ 6 ജനറേറ്ററുകളില്‍ 3 എണ്ണം നിലച്ചിരിക്കുകയാണ്.
വേനല്‍ ശക്തമായതോടെ മൂലമറ്റം നിലയത്തിലെ ഉല്‍പാദനം ഉയര്‍ത്തിയിരുന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ നിലയത്തില്‍ 8.12 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്.
ജനുവരി മാസം പ്രതിദിനം ശരാശരി 5.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റത്തുനിന്നും ഉല്‍പാദിപ്പിച്ചിരുന്നു.
12 ദിവസത്തിനുള്ളില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായത് പവര്‍ ഹൗസിലെ ജീവനക്കാര്‍ക്കടക്കം കടുത്ത ആശങ്ക ഉളവാക്കുന്നുണ്ട്. ആഭ്യന്തര ഉത്പ്പാദനത്തില്‍ 420 മെഗാവാട്ടിന്റെ കുറവ് തുടരുന്നത് കെ.എസ്.ഇ.ബി യെ കുഴക്കുന്നതിനിടയിലാണ് മൂലമറ്റത്തെ ഒരു ജനറേറ്റര്‍ കൂടി അപ്രതീക്ഷിതമായി നിലച്ചത്. ഇതോടെ 550 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
പന്നിയാര്‍, നേര്യമംഗലം, ലോവര്‍ പെരിയാര്‍ പവര്‍ ഹൗസുകള്‍ ഷട്ട് ഡൗണിലാണ്.
ഇന്നലെ 75.0081 ദശലക്ഷം യൂനിറ്റ് ഉപയോഗിച്ചതില്‍ 55.4575 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് എത്തിച്ചതാണ്. 19.5506 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉത്പ്പാദനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."