കേരളത്തിന് നിരാശ
കോഴിക്കോട്: കാര്യമായ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ കേന്ദ്രബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന. പ്രതീക്ഷകളെ തകിടംമറിച്ച ബജറ്റില്‍ സംസ്ഥാനത്തിനുള്ള നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ മാത്രം. കേരളത്തിന്റെ റെയില്‍ വികസന പ്രതീക്ഷകളും പാളം തെറ്റി. യാത്രാക്ലേശം കണക്കിലെടുത്തു കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പച്ചക്കൊടി വീശാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ലെന്ന് വ്യക്തമാക്കുന്നതാണ് നിര്‍മലാ സീതാരാമന്റെ രണ്ടാം ബജറ്റ്. എയിംസ് പോലുള്ള കേരളത്തിന്റെ സ്വപ്നപദ്ധതികളും അംഗീകരിച്ചില്ല.
ജി.എസ്.ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയര്‍ത്തല്‍, റബര്‍ സബ്‌സിഡി ഉയര്‍ത്തല്‍, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അധികനിക്ഷേപം, സെമി ഹൈസ്പീഡ് കോറിഡോര്‍, ദേശീയപാതാ വികസനത്തിനുള്ള സഹായം, പ്രവാസി പുനരധിവാസം തുടങ്ങി കേരളം മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. കേന്ദ്ര നികുതിയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയില്‍ കുറവു വരുത്തുന്നതും തിരിച്ചടിയാണ്.
സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതോ സാമൂഹ്യസുരക്ഷയെ ഉറപ്പിക്കുന്നതോ വികസനത്തിലേക്കു നയിക്കുന്നതോ ആയ പദ്ധതികള്‍ ബജറ്റില്‍ കാണുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സഹകരണമേഖലക്ക് പരിഗണന നല്‍കാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടും. പ്രകൃതിക്ഷോഭ സഹായധനം മറ്റു സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയപ്പോള്‍ കേരളത്തെ ഒഴിവാക്കി. അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട സംസ്ഥാനമെന്ന പരിഗണന പോലും നല്‍കിയില്ല.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കോഫി ബോര്‍ഡിന് 225 കോടി രൂപയും റബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും ലഭിക്കും. തേയില ബോര്‍ഡിന് 200 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും വകയിരുത്തി. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി രൂപയും തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും മാറ്റിവച്ചു. മത്സ്യബന്ധന മേഖലയ്ക്ക് 218.40 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതലായി വിറ്റഴിക്കാനുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കേരളത്തിലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, റിഫൈനറി പോലുള്ളവക്ക് തുക വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇതുകൊണ്ടുമാത്രമാകില്ല. പ്രവാസികള്‍ക്കായി കാര്യമായ പദ്ധതികളില്ലാത്തതും കേരളത്തിന് തിരിച്ചടിയാവും.
വലിയ മാന്ദ്യവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിട്ടും കോര്‍പറേറ്റുകളെ സഹായിക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം കൂടിയായി ബജറ്റ്. മഹാത്മാ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് കാര്യമായി ഒന്നും പരാമര്‍ശമില്ലാത്തതും ശ്രദ്ധേയമാണ്. മലബാറില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാക്ലേശം കണക്കിലെടുത്ത് കോഴിക്കോട്- ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ അനുവദിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
മെമു സര്‍വിസും പ്രതീക്ഷയിലൊതുങ്ങി. ട്രെയിനുകളുടെ ബോഗി വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും വെറുതെയായി. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ ശാപമോക്ഷത്തിനും നടപടിയില്ല. പദ്ധതിക്കായി 239 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറി. എന്നാല്‍, റെയില്‍വേ പിന്നീട് ഒന്നും ചെയ്തിട്ടില്ല. ഇതിനൊപ്പം പ്രഖ്യാപിച്ച ബിഹാറിലെ റെയില്‍വീല്‍ പ്ലാന്റും റായ്ബറേലിയിലെ കോച്ച് ഫാക്ടറിയും പശ്ചിമബംഗാളിലെ ഡീസല്‍ കംപോണന്റ് ഫാക്ടറിയും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി. ഏറെക്കാലമായി കാത്തിരിക്കുന്ന തിരുനാവായ- ഗുരുവായൂര്‍ പാത, നഞ്ചന്‍കോട് - നിലമ്പൂര്‍ പാത എന്നിവയെകുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."