കൗണ്‍സിലര്‍മാരും നാട്ടുകാരും ചേര്‍ന്ന് പുറഞ്ചേരി കുളത്തിലെ മാലിന്യങ്ങള്‍ നീക്കി
കളമശേരി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കളമശേരി നഗരസഭ 12ാം വാര്‍ഡിലെ പുറഞ്ചേരി കുളത്തിലെയും സമീപത്തെയും മാലിന്യങ്ങള്‍ നീക്കി. നഗരസഭ കൗണ്‍സിലര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് ശുചീകരണം നടത്തിയത്. അടുത്തയാഴ്ചയോടെ മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് മൂടിപ്പോയ കുളം പുനര്‍നിര്‍മിക്കും.
എച്ച്.എം.ടി കോളനി കിന്‍ഫ്ര റോഡിന് അരികിലെ കുളത്തിലേക്ക് ആളുകള്‍ മാലിന്യം വലിച്ചെറിയുന്നത് പതിവാക്കിയിരുന്നു. നേരത്തെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന കുളം നിലവില്‍ മൂടിപ്പോയ അവസ്ഥയിലാണ്. കുളം പുനര്‍നിര്‍മ്മിച്ച് പ്രദേശത്തെ ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഉപയോഗിക്കാനാണ് പദ്ധതി.
കൗണ്‍സിലര്‍മാരും നാട്ടുകാരും വിവിധ സംഘടനാ പ്രവര്‍ത്തകരുടെയും സഹകരത്തോടെ നഗരസഭയിലെ വിവിധ കുളങ്ങള്‍ ശുചീകരിക്കുമെന്ന് കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനിച്ചിരുന്നു. പുറഞ്ചേരി കുളമാണ് ആദ്യം ശുചീകരിക്കാന്‍ നഗരസഭ ഏറ്റെടുത്തിരിക്കുന്നത്.
ശുചീകരണത്തിന് നാട്ടുകാര്‍ക്കൊപ്പം നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായ ലീല വിശ്വന്, സബീന ജബ്ബാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.എസ്.അബൂബക്കര്‍, ടി.എ.അബ്ദുള്‍ സലാം, ഷൈനി ആന്റണി, കൃഷ്ണകുമാര്‍, കെ.എ. സിദ്ധീഖ് എന്നിവരും പങ്കു ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."