സ്‌നേഹഭവനം: പെരിന്തല്‍മണ്ണയില്‍ നിര്‍മിച്ചുനല്‍കിയത് 600 വീടുകള്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എസ്.സി വിഭാഗത്തിന് സമ്പൂര്‍ണ ഭവനമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായി തയാറാക്കിയ സ്‌നേഹഭവനം പദ്ധതിയില്‍ 600 വീടുകള്‍ ആദ്യഘട്ടത്തില്‍ നഗരസഭ നിര്‍മിച്ചുനല്‍കിയെന്ന് നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം പറഞ്ഞു.
മിനി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് ലക്ഷം രൂപ ചെലവുള്ള വീടിന്, രണ്ട് ലക്ഷം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ലൈഫ് പദ്ധതി മികച്ച ബൃഹത് പദ്ധതിയാണെന്നും നഗരസഭ ലക്ഷ്യംവച്ച മുഴുവന്‍ വീടുകളും വിവിധ ഫണ്ടുകള്‍ സംയോജിപ്പിച്ച് വേഗത്തില്‍ ലഭ്യമാക്കാനായെന്നും ചെയര്‍മാന്‍ പറഞ്ഞു.
കാഞ്ഞിരക്കുന്നില്‍ നിര്‍മിക്കുന്ന ആധുനിക അങ്കണവാടിയുടെ ശിലാസ്ഥാപനവും ചെയര്‍മാന്‍ നിര്‍വഹിച്ചു. 12 ആധുനിക അങ്കണവാടികളാണ് നഗരസഭ നിര്‍മിക്കുന്നത്. ഒരു കോടി 20 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ശിശു പരിപാലനവും സാമൂഹ്യ സുരക്ഷയും അങ്കണവാടികളില്‍ ഉറപ്പാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷയായി.
ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.ടി ശോഭന, താമരത്ത് ഉസ്മാന്‍, പി. അരവിന്ദന്‍, വി. രമേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജംന ബിംത്ത്, കെ.കുഞ്ഞാലന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കൗണ്‍സിലര്‍ കെ. സുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."