വ്രതവിശുദ്ധിയിലലിഞ്ഞ് 16 ാം വര്‍ഷത്തിലും രവീന്ദ്രന്‍
ബോവിക്കാനം (കാസര്‍കോട്): തുടര്‍ച്ചയായ 16-ാം വര്‍ഷവും വ്രതവിശുദ്ധിയിലലിഞ്ഞു ചേരുകയാണ് രവീന്ദ്രന്‍. മുളിയാര്‍ പഞ്ചായത്തിലെ ജീവനക്കാരനും പെരുമ്പള സ്വദേശിയുമായ രവീന്ദ്രനാണ് തുടര്‍ച്ചയായ 16 -ാം വര്‍ഷത്തിലും റമദാന്‍ മാസത്തിലെ എല്ലാ നോമ്പുമെടുത്ത് മുസ്‌ലിംകളുടെ വ്രതത്തിനു ഐക്യദാര്‍ഢ്യം നേരുന്നത്.
ഈ വര്‍ഷവും മുഴുവന്‍ നോമ്പെടുക്കാനുള്ള ഒരുക്കത്തിലാണ് രവീന്ദ്രന്‍. 15 വര്‍ഷം മുന്‍പാണ് ആദ്യമായി ഒരു കൗതുകത്തിനുവേണ്ടി നോമ്പ് അനുഷ്ഠിക്കാന്‍ തുടങ്ങിയത്. പിന്നീടങ്ങോട് എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പെടുക്കല്‍ തുടരുകയാണ്. ആദ്യ രണ്ട് ദിവസങ്ങളില്‍ ചെറിയ ക്ഷീണമുണ്ടാവുമെങ്കിലും പിന്നീട് വലിയ പ്രയാസമൊന്നും ഇല്ലെന്ന് രവീന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. 15 വര്‍ഷമായി ഒരുമാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിച്ചതുകൊണ്ട് തന്റെ ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ടെന്നും പല രോഗങ്ങളെയും തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നും രവീന്ദ്രന്‍ പറയുന്നു. ഇതുകൊണ്ടാണ് എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പെടുക്കുന്നത്. നോമ്പനുഷ്ഠിക്കുന്നതുമൂലം ഓഫിസ് ജോലികള്‍ ചെയ്യുന്നതിനും ബുദ്ധിമുട്ടില്ലെന്ന് രവീന്ദ്രന്‍ പറയുന്നു. വീട്ടിലുള്ളവരും രവീന്ദ്രന്റെ വ്രതാനുഷ്ഠാനത്തിനു പൂര്‍ണ പിന്തുണ നല്‍കുകയാണ്.
പുലര്‍ച്ചെ നാലിന് ഭാര്യയുണ്ടാക്കി നല്‍കുന്ന അത്താഴം കഴിച്ചാണ് നോമ്പ് തുടങ്ങുന്നത്. വൈകിട്ട് ബാങ്കുവിളി കേട്ടാല്‍ വീട്ടില്‍വച്ച് തന്നെയാണ് നോമ്പ് തുറക്കുന്നതും. ഒരുമാസക്കാലം പകല്‍ മുഴുവന്‍ പട്ടിണി കിടക്കുകയെന്നതു മാത്രമല്ല നോമ്പെന്ന് നന്നായി അറിയാവുന്നയാളുമാണ് രവീന്ദ്രന്‍. അന്യരെ സഹായിക്കുകയും പട്ടിണിയും ദാരിദ്ര്യവും തിരിച്ചറിയുന്ന നോമ്പനുഷ്ഠാനം ഏറ്റവും മഹത്തരമെന്നാണ് രവീന്ദ്രന്റെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."