വീണ്ടും കേരളത്തില്‍ കൊറോണ, ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
ന്യുഡല്‍ഹി: കേരളത്തില്‍ മറ്റൊരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നെത്തിയ വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. എന്നാല്‍ രോഗിയെക്കുറിച്ചോ മറ്റോ സൂചന ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച വാര്‍ത്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചാണ് പുറത്തുവരുന്നത്. രോഗിയുടെ ആരോഗ്യ നില തൃപപ്തികരമാണെന്നും ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ തുടരുകയാണെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
അതേ സമയം കേരള ആരോഗ്യ വകുപ്പില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിക്കുതന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ വിശദീകരണം വരേണ്ടതുണ്ട്.
കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1793 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇന്നലെവരേ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്ന കാര്യത്തില്‍ ആശ്വാസത്തിലായിരുന്നു കേരളം. കൊറോണ ബാധിതയായ തൃശൂരിലെ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നതും അശ്വാസം പകരുന്നതിനിടെയാണ് പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. കൊറോണ ബാധിത മേഖലകളില്‍നിന്നുള്ള 322 പേര്‍ ഇതിനകം കേരളത്തില്‍ എത്തിച്ചേര്‍ന്നതായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഇന്നലെ അറിയിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം 1471 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. രോഗലക്ഷണങ്ങളോടെ 21പേരെയാണ് ശനിയാഴ്ച വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഇവരിലാര്‍ക്കും ഗുരുതര ലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നാണ് ഇന്നലെവരേയുണ്ടായിരുന്ന വിവരം.ആകെ 71പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്.
39 സാംപിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചതില്‍ 24പേരുടെ ഫലമാണ് ലഭിച്ചത്. ഇതില്‍ തൃശൂരിലെ വിദ്യാര്‍ഥിയുടേത് മാത്രമാണ് പോസിറ്റീവായത്. ഈ സാംപിള്‍ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്.
എങ്കിലും വൈറസ് ബാധയുടെ ഇന്‍ക്യുബേഷന്‍ കാലഘട്ടം കഴിയുംവരെ ഇവര്‍ക്ക് സൂക്ഷ്മ നിരീക്ഷണം തുടരും. ഓരോ കേസിലും 28 ദിവസത്തെ നിരീക്ഷണമാണ് വേണ്ടത്.
തൃശൂര്‍ ജില്ലയില്‍ ആശുപത്രിയില്‍ 22 പേരും വീടുകളില്‍ 133 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 29 പേരാണ് ശനിയാഴ്ച മുതല്‍ പുതിയതായി നിരീക്ഷണത്തിലുള്ളത്.
അതേ സമയം കൊറോണ ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സന്ദേശം ഫോര്‍വേഡ് ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സൈബര്‍ സെല്‍ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."