കണ്ണൂര്‍ നഗരത്തില്‍ 600 കോടിയുടെ റോഡ് വികസനം നടപ്പാക്കും: മന്ത്രി
കണ്ണൂര്‍: നഗരത്തിലെ മുഴുവന്‍ പി.ഡബ്ല്യു.ഡി റോഡുകളും അത്യാധുനിക രീതിയില്‍ നവീകരിക്കുന്നതിന് 600 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയായ മതുക്കോത്ത് കാപ്പാട് റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ മണ്ഡലം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് ഗതാഗതക്കുരുക്ക്. നല്‍കാന്‍ ഫണ്ട് ഇല്ലാഞ്ഞിട്ടല്ല, റോഡ് നിര്‍മിക്കാനുള്ള സ്ഥലം ലഭിക്കാത്തതാണ് പ്രശ്‌നം. 100 കിലോമീറ്ററില്‍ താഴെ മാത്രം റോഡുള്ള ചുരുക്കം മണ്ഡലങ്ങളില്‍ ഒന്നാണ് കണ്ണൂര്‍. റോഡുകള്‍ മുഴുവന്‍ അഞ്ചു മുതല്‍ അഞ്ചര മീറ്റര്‍ വരെയാണ് വീതി. കണ്ണൂരിന്റെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ റോഡ് വികസനത്തിനാവശ്യമായ സ്ഥലം നല്‍കാന്‍ ജനങ്ങള്‍ സന്നദ്ധരാവണം. പ്രതിഫലമായി മികച്ച വില സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ നിലവിലുള്ള റോഡുകള്‍ 12 മീറ്ററാക്കി ഉയര്‍ത്തുമെന്നും നല്ല നടപ്പാതകള്‍, ഓടകള്‍, കേബിളുകള്‍ റോഡ് മുറിക്കാതെ സ്ഥാപിക്കുന്നതിന് ഡക്കുകള്‍, റോഡ് സംരക്ഷിക്കുന്നതിന് ഫെന്‍സിങ് സംവിധാനം, പൂന്തോട്ടം എന്നിവ റോഡുകളുടെ ഭാഗമായി നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ 7000 കോടിയുടെയും കേരളത്തില്‍ ആകെ ഒരു ലക്ഷം കോടിയിലധികം രൂപയുടെ റോഡ് പാലം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. കെ. ജിഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ എം.പി ഭാസ്‌കരന്‍, കെ. കമലാക്ഷി, ഇ.ജി വിശ്വപ്രകാശ്, നെല്യാട്ട് രാഘവന്‍, കെ. പ്രകാശന്‍, കെ. ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."