സഹോദരങ്ങളുടെ അപകട മരണം: അജ്ഞാത വാഹനത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതം
ചേര്‍ത്തല: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ഇടിച്ചവാഹനത്തിനായുള്ള അന്വഷണത്തില്‍ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല. അന്വേഷണം ഊര്‍ജിതമായി തുടരുന്നതായി പട്ടണക്കാട് പൊലിസ് പറഞ്ഞു. നാഷണല്‍ പെര്‍മിറ്റ് ലോറിയോ അതുപോലുള്ള വലിയ വാഹനമോ ആകാം ഇടിച്ചിരിക്കുന്നതെന്ന ധാരണയിലാണ് അന്യേഷണം നടത്തുന്നത്. ഇപ്രകാരമുള്ള വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ കടകളിലേയും സ്ഥാപനങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നതായും പട്ടണക്കാട് പൊലിസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ചേര്‍ത്തല തൈക്കല്‍ വെളിമ്പറമ്പില്‍ സഹോദരങ്ങളായ അജേഷ് (38) ,അനീഷ് (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത് . ദേശീയ പാതയില്‍ ബിഷപ്പ് മൂര്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ ഹോട്ടലിലെ ഷെഫ് മാരായ സഹോദരങ്ങള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്നില്‍ നിന്ന് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അജേഷ് സംഭവസ്ഥലത്തും അനീഷ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയും മരിച്ചു . ബൈക്കിലിടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."