പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഒരുകോടി അനുവദിക്കും: രമേശ് ചെന്നിത്തല
ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതികസാഹചര്യ പുരോഗതിക്കും വിദ്യാര്‍ഥികളുടെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കുന്നതിനുമായി രൂപീകൃതമായിട്ടുള്ള നിയോജകമണ്ഡലംതല അക്കാദമിക് കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തര്‍ദേശീയ നിലവാരത്തിലാക്കുന്ന ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും തീരദേശത്തെ വിദ്യാഭ്യാസ സ്ഥാപനമായ മംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും തന്റെ എം.എല്‍.എ ആസ്ഥിവികസന ഫണ്ടില്‍ നിന്നും ഒരോ കോടി രൂപ അനുവദിക്കുന്നതിനായി ആലപ്പുഴ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി രമേശ് ചെന്നിത്തല അറിയിച്ചു. ഹരിപ്പാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 6 കോടി 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രകാരവും മംഗലം സ്‌കൂളിന് 3 കോടി 95 ലക്ഷം രൂപ പ്രകാരവുമാണ് കെട്ടിടം പണിയുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ളത്.
അതില്‍ ഹരിപ്പാട് 5 കോടി സര്‍ക്കാരും 1 കോടി എം.എല്‍.എ ഫണ്ടും ബാക്കി 13 ലക്ഷം പൊതുജന പങ്കാളിത്തത്തോടെയും മംഗലത്ത് 2.6 കോടി 95 ലക്ഷം സര്‍ക്കാരും ഒരു കോടി എം.എല്‍.എ ഫണ്ടും എന്ന ക്രമത്തിലാണ് ധനവിനയോഗം ക്രമീകരിക്കുന്നത്. കേരള നിയമസഭാസമിതിയുടെ പഠനവിഭാഗം നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജ് സന്ദര്‍ശനവും നിയമസഭാനടപടിക്രമങ്ങളുടെ രീതികളും കുട്ടികള്‍ക്ക് മനസിലാക്കുന്നതിനായി കോളജില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത വാര്‍ഷിക ബജറ്റില്‍ ആയാപറമ്പ് എച്ച്.എസ്.എസില്‍ ഐഡിയല്‍ ലാബ് അനുവദിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് കൈമാറിയതായും ചെന്നിത്തല പറഞ്ഞു. നിയോജകമണ്ഡലത്തില്‍ സ്റ്റുഡന്‍സ് പൊലിസ് കേഡറ്റുകള്‍ക്ക് കൂടുതല്‍ പ്രയോജനകരമായ ട്രെയ്‌നിങ് സംഘടിപ്പിക്കുന്നതിന് ദ്വിദിന ക്യാംപ് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."