'പ്രവാസികളുടെ വരുമാനത്തിന് നികുതി ചുമത്തില്ല'; ആശങ്കയില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശത്ത് നിന്നുണ്ടാക്കുന്ന വരുമാനത്തിന് നികുതി ചുമത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും നല്‍കിയ കത്തിന് മറുപടിയായാണ് ധനമന്ത്രിയുടെ പ്രസ്താവന. പ്രവാസി ഇന്ത്യക്കാരും ആദായ നികുതിയുടെ പരിധിയിലാകുമെന്ന കേന്ദ്രബജറ്റിലെ തീരുമാനമാണ് ആശങ്ക സൃഷ്ടിച്ചത്.
ഈ തീരുമാനം പ്രവാസി വിരുദ്ധമാണെന്നും പുറത്തുപോയി ജോലി ചെയ്യുന്ന ലക്ഷക്കണക്കിനാളുകളെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയും എം.പിയും കേന്ദ്രമന്ത്രിക്ക് കത്തയച്ചത്. വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയില്‍ ആര്‍ക്കും നികുതിയടക്കേണ്ടി വരില്ലെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം പ്രവാസിക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ എന്തെങ്കിലും വരുമാനം ലഭിച്ചാലും നികുതിയടക്കണം. എന്നാല്‍ ഇപ്പോഴും പ്രവാസികള്‍ നല്‍കേണ്ട നികുതി സംബന്ധിച്ച് അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
120 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുന്നവര്‍ നികുതി നല്‍കണമെന്നതാണ് ബജറ്റിലെ നിര്‍ദേശം. നേരത്തേ 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. നികുതി ഇല്ലാത്ത രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് നികുതി ബാധകമാകുക എന്ന പ്രഖ്യാപനം വന്നതോടെ ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്ന എല്ലാ പ്രവാസികളും നികുതി നല്‍കേണ്ടി വരുമോ എന്ന ആശങ്കയിലാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."