ഈ ദുരിതം കാണാന്‍ ആരുണ്ട് ? പൊറുതിമുട്ടി കാഞ്ഞിരംചിറ അഗതി - ആശ്രയ കോളനി നിവാസികള്‍ ഷാജഹാന്‍ കെ ബാവ
ആലപ്പുഴ : മഴ ഒന്നു പെയ്താല്‍ ഒരു തുളളി വെളളം പോലും പുറത്തു പോകാതെ വീടിനുള്ളില്‍ തന്നെ വീഴും... മാനത്ത് കാര്‍മേഘങ്ങള്‍ കണ്ടാല്‍ ഭീതിയോടെ പുരയ്ക്കകത്ത് കഴിയുന്ന നിസഹായരായ ഒന്‍പതോളം കുടുംബങ്ങള്‍. ദുരിതം അകറ്റാന്‍ മുട്ടാത്ത വാതിലുകളില്ല. കാണാത്ത അധികാരികളില്ല. എന്നിട്ടും തിരിഞ്ഞൊന്ന് നോക്കാന്‍ നില്‍ക്കാതെ ജനപ്രതിനിധികളും. തെരഞ്ഞെടുപ്പുകളില്‍ മാത്രം ഓടിയെത്തുന്നവരായി പ്രദേശീക ഭരണ സമിതി അംഗങ്ങളും മാറിയതാണ് ഈ കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ അനന്തമായി നീളുന്നത്.
ആലപ്പുഴ നഗരസഭയുടെ വടക്കന്‍ അതിര്‍ത്തിയായ കാഞ്ഞിരംചിറ വാര്‍ഡില്‍ അഗതി - ആശ്രയ പദ്ധതി പ്രകാരം ആറ് വര്‍ഷം മുമ്പ് നിര്‍മ്മിച്ചു വീടുകളിലാണ് ദുരിതം ഒഴിയാതെ തുടരുന്നത്. കാഞ്ഞിരം ചിറയെയും മംഗലം വാര്‍ഡിനെയും വേര്‍ത്തിരിക്കുന്നത് ആശ്രയ കോളനിയാണ്. ഇവിടെ ഒന്‍പതോളം കുടുംബങ്ങളാണ് 15 സെന്റ് ഭൂമിയില്‍ സാഹചര്യങ്ങളോട് മല്ലിട്ട് കഴിയുന്നത്. സി ഡി എസ് വഴി ലഭ്യമായ വീടുകളില്‍ പലതും അശാസ്ത്രീയ നിര്‍മ്മാണം മൂലം തകര്‍ന്ന നിലയിലാണ്.
ഒരു മുറിയും അടുക്കളുമായി തരംതിരിച്ചിട്ടുളള വീടുകളില്‍ പലതിലും കോണ്‍ഗ്രീറ്റ് കട്ടിളകളാണ് ഘടിപ്പിച്ചിട്ടുളളത്. ഇതില്‍ തടികൊണ്ടുളള വാതിലുകളില്‍ പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൊളുത്തുകള്‍ പലതും കോണ്‍ഗ്രീറ്റ് കട്ടിളകളില്‍ ഉറക്കാത്തതിനാല്‍ കതകുകള്‍ ഇളകി തുങ്ങി ആടുകയാണ്.
മേല്‍ക്കൂരകള്‍ നിര്‍മിച്ചിട്ടുളളത് ചെറിയ സ്ലാബുകള്‍ വാര്‍ത്ത് നിരത്തിയാണ്. ഇവ ഇഷ്ടിക പുറത്ത് പൊക്കിവച്ച നിലയിലും. ഒരു ഇഞ്ച് ഘനത്തില്‍ ഒന്നര അടി വീതിയില്‍ തീര്‍ത്ത സ്ലാബുകള്‍ നിര്‍മിക്കാന്‍ വാര്‍ക്ക കമ്പികള്‍ ഉപയോഗിച്ചിട്ടില്ലെന്നു തന്നെ പറയാം.
തീരെ കനം കുറഞ്ഞ കമ്പികള്‍ പേരിനുമാത്രമാണ് ചേര്‍ത്തിട്ടുളളത്. രാവിലെ പത്ത് മണി കഴിഞ്ഞാല്‍ വീട്ടിലുളളവര്‍ അടുത്തുളള പറമ്പിലെ മരങ്ങള്‍ക്ക് താഴെ ഇരിക്കേണ്ടിവരും. കനത്തവെയിലില്‍ ഈ വീടിനുളളില്‍ പ്രവേശിച്ചാല്‍ തീയില്‍ വീണ അവസ്ഥയാണ്. 1.75 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ചുവെന്ന് പറയുന്ന വീടുകളില്‍ ഫര്‍ണീച്ചര്‍ അടക്കമുളള സാധനങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് അധികാരികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഒരു വരി കല്ലില്‍ ചുറ്റുമതില്‍ കെട്ടി മുറി തിരിച്ച വീടുകള്‍ മാത്രമാണ് നല്‍കിയത്.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഈ വീടുകള്‍ നല്‍കിയിട്ടുളളത്. ഇതില്‍ യാതൊരു വിധ ഫര്‍ണീച്ചറുകളും ഇല്ലായിരുന്നുവെന്ന് വീടുകള്‍ അനുവദിച്ച് കിട്ടിയവര്‍ പറയുന്നു. ആറു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ കോളനിയിലേക്ക് ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. കോളനിയുടെ ദുരിതങ്ങള്‍ ചൂണ്ടികാട്ടി ഇവിടുത്തുക്കാര്‍ അധികാരികളെ സമീപിച്ചെങ്കിലും നടപടിയായില്ല. കൂടുതല്‍ എന്തെങ്കിലും ചോദിച്ചാല്‍ തരാനുളളത് തന്നു കഴിഞ്ഞുവെന്നാണ് അധികാരികളില്‍ പലരും ഇവര്‍ക്ക് മറുപടി നല്‍കുന്നത്. അതേസമയം നിര്‍മ്മിച്ച് നല്‍കിയ വീടുകളില്‍ പലതും വീഴാറായി. പല വീടുകള്‍ക്ക് മുകളിലും നീല പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ വിരിച്ചാണ് ഇപ്പോള്‍ ഇവിടുത്തുക്കാര്‍ രാത്രി കഴിച്ചു കൂട്ടുന്നത്. ദുരിതം കടുത്തപ്പോള്‍ ഒരു കുടുംബം വീട് അടച്ചുപൂട്ടി മറ്റെവിടെയോ ചേക്കേറി.
വീടും വെളിച്ചവും എന്ന് കൊട്ടിഘോഷിച്ച പദ്ധതിയില്‍ നിര്‍മിച്ച വീടുകളില്‍ ഒന്നിലും വൈദ്യൂതിയോ വെളളമോ ഇല്ലായിരുന്നു. കുടുംബങ്ങള്‍ സ്വയം പണം നല്‍കി ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും ഇവ തരപ്പെടുത്തുകയായിരുന്നു.
കോളനി നിവാസികള്‍ കുടിവെളളം ശേഖരിക്കണമെങ്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കണം. പൊതു ടാപ്പ് ഇനിയും ഇവര്‍ക്ക് സ്വപ്നം മാത്രമാണ്. സ്ഥല പരിമിതി മൂലം ഓരോ വീടിന്റെയും മുന്‍വശങ്ങളിലാണ് സെപ്റ്റിക്ക് ടാങ്കുകള്‍ സ്ഥാപിച്ചിട്ടുളളത്. അടുത്തടുത്ത് വീടുകള്‍ നിര്‍മിച്ചിട്ടുളളതിനാല്‍ ഒരു കുടുംബത്തിന്റെ വീടിന്റെ മുന്‍വാതില്‍ മറ്റൊരു കുടുംബത്തിന്റെ പിന്‍വശത്താണ്.
പ്രത്യക്ഷത്തില്‍ വീടുകളുടെ പിന്‍ഭാഗത്ത് ടാങ്കുകള്‍ നിര്‍മിച്ചിരുക്കുന്നുവെന്ന് പറയാന്‍ കഴിയുമെങ്കിലും മതിലോ വേലിയോ കെട്ടി തിരിക്കാത്തതിനാല്‍ തുറന്നു കിടക്കുകയാണ്. ഇവയില്‍ മിക്കവയും തകര്‍ന്ന നിലയിലാണ്. മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യമില്ലാത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നഗരപരിധിയില്‍ ഈ പദ്ധതി പ്രകാരം നിര്‍മിച്ചു നല്‍കിയിട്ടുളള മുഴുവന്‍ വീടുകളുടെയും അവസ്ഥ ഇതുതന്നെയാണ്. തങ്ങള്‍ക്ക് മോചനം നല്‍കാന്‍ ഇനിയം അധികാരിള്‍ എത്തിയില്ലെങ്കിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് കോളനി നിവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."