ബാലഭിക്ഷാടനത്തിനെതിരേ; പതിനേഴായിരം കിലോമീറ്റര്‍ കാല്‍നട പ്രചാരണവുമായി ആശിഷ് ശര്‍മ
കല്‍പ്പറ്റ: ബാലഭിക്ഷാടനത്തിനെതിരെയും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും പതിനേഴായിരം കിലോമീറ്റര്‍ കാല്‍നട പ്രചരണവുമായി ആശിഷ് ശര്‍മ (29).
ഡല്‍ഹിയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറായിരുന്ന ആശിഷ് ശര്‍മ്മയാണ് ദേശീയ പതാകയുമേന്തി കാല്‍നട പ്രചാരണം നടത്തുന്നത്. 2017 ഓഗസ്റ്റ് 22നാണ് ജമ്മു കശ്മീരില്‍ നിന്നും കാല്‍നടയാത്ര ആരംഭിച്ചത്. 14423 കിലോമീറ്റര്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒരു ദിവസം ശരാശരി 30 മുതല്‍ 40 കിലോമീറ്റര്‍ വരെ നടക്കും. ഇതിനിടിയില്‍ വഴിയാത്രക്കാരോടും വിദ്യാര്‍ഥികളോടുമെല്ലാം സന്ദേശം കൈമാറും സ്‌കൂള്‍ വിദ്യാര്‍ഥികളോടാണ് കൂടുതല്‍ സമയം സംവധിക്കുക.
2015ല്‍ ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങവെ ഒരു കുട്ടിയെ കണ്ടതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ചോരയൊലിപ്പിച്ച് നിസഹായവസ്ഥയില്‍ ഒരു കുട്ടി ഭിക്ഷാടനം നടത്തുന്നു. അന്ന് ആ കുട്ടിയെ തന്റെ വീട്ടില്‍ കൊണ്ട് പോയി ഭക്ഷണം നല്‍കി അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്തു. അന്നു മുതലാണ് താന്‍ ബാല ഭിക്ഷാടനത്തിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ തുടങ്ങിയതെന്ന് ആശിഷ് ശര്‍മ്മ പറയുന്നു. ദേശീയ പതാകയും രണ്ടു ബാഗും തോളിലേറ്റിയാണ് ആശിഷ് ശര്‍മയുടെ ദീര്‍ഘ ദൂര നടത്തം. വെള്ളിയാഴ്ചയാണ് ഇദ്ദേഹം കല്‍പ്പറ്റയില്‍ എത്തിയത്. ശനിയാഴ്ച്ച രാവിലെ ആശിഷ് കോഴിക്കോട് ജില്ലയിലേക്ക് യാത്ര തുടങ്ങി. എല്ലാവരോടും സംസാരിച്ചും സെല്‍ഫിയെടുത്തും ഇദ്ദേശം യാത്ര തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."