ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ നാടകോത്സവം വെള്ളിയാഴ്ച മുതല്‍
മനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ ബഹ്റൈനില്‍ നാടകോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഫെബ്രുവരി ഏഴു മുതൽ ഒമ്പതു വരെ നടക്കുന്ന നാടകോത്സവത്തിൽ എൻ.എൻ പിള്ളയുടെ 10 നാടകങ്ങൾ അരങ്ങിലെത്തുമെന്ന് സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സിനിമാ, നാടക പ്രവർത്തകരായ വിജയരാഘവൻ, ഹരിലാൽ എന്നിവർ അതിഥികളായി എത്തും. ആദ്യ ദിനം മോഹൻരാജ് സംവിധാനം ചെയ്യുന്ന പ്രൊഫൈൽ ഡ്രാമ ‘ഞാൻ’ അരങ്ങിലെത്തും. തുടർന്ന് എൻ.എൻ പിള്ള അനുസ്മരണ ചടങ്ങുമുണ്ടാകും. അഞ്ച് മണിക്ക് ദീപ ജയചന്ദ്രൻ സംവിധാനം ചെയ്ത ‘മൗലികാവകാശം’, ആറിന് ബേബിക്കുട്ടൻ സംവിധാനം ചെയ്ത ‘ഡാം’, 7.30ന് ശ്രീജിത്ത് പറശ്ശിനി സംവിധാനം ചെയ്ത ‘ഫാസ്റ്റ് പാസഞ്ചർ’, 8.30ന് സുരേഷ് പെണ്ണൂക്കര സംവിധാനം ചെയ്ത ‘ദി പ്രസിഡൻറ്’ എന്നീ നാടകങ്ങൾ അവതരിപ്പിക്കും.
രണ്ടാം ദിവസം രാത്രി എട്ടിന് കൃഷ്ണ കുമാർ പയ്യന്നൂർ സംവിധാനം ചെയ്ത ‘ഗുഡ്നൈറ്റ്’, 8.45ന് ഹരീഷ് മേനോൻ സംവിധാനം ചെയ്ത ‘കുടുംബയോഗം’, 9.30ന് ഷാഗിത്ത് രമേഷ് സംവിധാനം ചെയ്ത ‘ഗറില്ല’ എന്നിവയും അരങ്ങിലെത്തും.
അവസാനദിവസം വൈകീട്ട് എട്ടിന് മനോജ് തേജസ്വിനി സംവിധാനം ചെയ്ത ‘അണ്ടർവെയർ’, ഒമ്പതിന് മനോഹരൻ പാവറട്ടിയുടെ ‘കണക്ക് ചെമ്പകരാമൻ’എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക. രാത്രി 10ന് സമാപന സമ്മേളനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."