വയനാട് ഗവ. മെഡിക്കല്‍ കോളജ്: പ്രകൃതിദുരന്ത സാധ്യതയെന്ന പ്രചാരണം; ജനം ആശങ്കയില്‍
കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിനായി കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് ദാനം ചെയ്ത 50 ഏക്കര്‍ ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യയുണ്ടെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(ജി.എസ്.ഐ) റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണം ജനങ്ങളെ ആശങ്കയിലാക്കുന്നു.
സ്ഥലത്തെ പ്രകൃതി ദുരന്ത സാധ്യത സംബന്ധിച്ച് ആധികാരിക പഠനം ഇനിയും നടന്നിട്ടില്ല. എന്നിരിക്കെയുള്ള പ്രചാരണം മെഡിക്കല്‍ കോളജ് പദ്ധതിക്കുതന്നെ വിനയാകുമെന്നു അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്. കല്‍പ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കര കവലയില്‍നിന്നു 1.8 കിലോമീറ്റര്‍ അകലെയാണ് മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത ഭൂമി. കാലവര്‍ഷത്തിനിടെ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമി വിണ്ടുകീറല്‍ തുടങ്ങിയവയെക്കുറിച്ചു പഠിക്കുന്നതിനു ജി.എസ്.ഐ ഉദ്യോഗസ്ഥര്‍ ജില്ലയിലെത്തിയിരുന്നു. ഒരു മാസത്തോളം ജില്ലയില്‍ ചെലവഴിച്ച ഇവര്‍ മെഡിക്കല്‍ കോളജ് നിര്‍മാണം നടക്കേണ്ട ഭൂമിയില്‍ പ്രത്യേക പരിശോധന നടത്തിയിരുന്നില്ല. എന്നാല്‍ സ്ഥലത്തു നിര്‍മാണം നടത്തുന്നതിനു മുമ്പ് പഠനം ആവശ്യമാണെന്നു നീരീക്ഷിക്കുകയുണ്ടായി. മെഡിക്കല്‍ കോളജിനായി ഉപയോഗപ്പെടുത്തുന്ന ഭൂമിയിലെ പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അഭിപ്രായം തേടാന്‍ കഴിഞ്ഞ ഒക്ടോബറില്‍ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥര്‍ സമീപിച്ചപ്പോള്‍ നേരിട്ടുള്ള പഠനത്തിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും യോഗ്യതയുള്ള ഏജന്‍സി മുഖേന പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പരിശോധിച്ചു അഭിപ്രായം വ്യക്തമാക്കാമെന്നുമാണ് ജി.എസ്.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതിന്റെ തുടര്‍നടപടിയായി സ്ഥലത്തെ പ്രകൃതി ദുരന്ത സാധ്യത പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏജന്‍സിയെ കണ്ടെത്താന്‍ മെഡിക്കല്‍ കോളജ് നിര്‍മാണച്ചുമതലയുള്ള ഇന്‍ഫ്രാസ്ട്രക്ചകര്‍ കേരളാ ലിമിറ്റഡിനെ (ഇന്‍കെല്‍) സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇന്‍കെല്‍ ഇതുവരെ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നാണ് അറിയുന്നത്. 2017 നവംബര്‍ 23ലെ ഉത്തരവ് പ്രകാരം മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് എസ്.പി.വിയായി ചുമതലപ്പെടുത്തിയ ഇന്‍കെല്‍ ഒമ്പതു നില കെട്ടിടത്തിന്റെ പ്ലാനാണ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചത്. ലഭ്യമായ ഫണ്ട് ഉപയോഗപ്പെടുത്തി കെട്ടിടം പണി തുടങ്ങാന്‍ നീക്കം നടക്കുന്നതിനിടെയാണ് വയനാട്ടില്‍ പ്രകൃതിദുരന്തം ഉണ്ടായത്. പ്രളയനാന്തരം ഏര്‍പ്പെടുത്തിയ നിര്‍മാണ നിയന്ത്രണങ്ങള്‍ മെഡിക്കല്‍ കോളജ് ഭൂമിയില്‍ മൂന്നു നിലയില്‍ കൂടുതല്‍ ഉയരത്തില്‍ കെട്ടിടം പണിയാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കി. ഇന്‍കെല്‍ പ്ലാന്‍ അനുസരിച്ച് നിര്‍മാണം നടത്തുന്നതിനെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉപസമിതിക്ക് രൂപം നല്‍കിയിരുന്നു. ജില്ലാ ടൗണ്‍ പ്ലാനര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ഹാസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതായിരുന്നു സമിതി. ഭൂപ്രദേശത്തിന്റെ സ്വാഭാവിക പ്രകൃതിക്ക് കോട്ടം വരുത്താതെയും നീര്‍ച്ചാലുകളും താഴ്‌വരകളും സംരക്ഷിച്ചും വൃക്ഷനശീകരണം ഒഴിവാക്കിയും തട്ടുതട്ടായുള്ള നിര്‍മാണം നടത്താമെന്ന് ഉപസമിതി ശുപാര്‍ശ ചെയ്തു. എങ്കിലും നിര്‍മാണം തുടങ്ങുന്നതില്‍ അധികാരികള്‍ക്കു അന്തിമതീരുമാനം എടുക്കാനായില്ല. മെഡിക്കല്‍ കോളജിനായി നിര്‍മാണം നടത്തേണ്ട ഭൂമിക്ക് അര കിലോമീറ്റര്‍ അകലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി വര്‍ഷങ്ങള്‍ മുമ്പ് ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കിയ ഭൂപടത്തില്‍ അടയാളപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടതാണ് തീരുമാനമെടുക്കുന്നതിനു വിഘാതമായത്. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് മെഡിക്കല്‍ കോളജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."