കാര്‍ഷിക രംഗത്ത് കൈവച്ചപ്പോള്‍ ബാങ്ക് കൊയ്തെടുത്തത് നൂറുമേനി
എടച്ചേരി: പണമിടപാടുകള്‍ക്കപ്പുറം കാര്‍ഷിക രംഗത്തും ഒരു കൈ നോക്കിയപ്പോള്‍ ബാങ്ക് കൊയ്തെടുത്തത് നൂറുമേനി. എടച്ചേരി സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നെല്‍കൃഷി ഇറക്കി കാര്‍ഷിക രംഗത്തും തങ്ങളുടെ കഴിവ് തെളിയിച്ചത്.
എടച്ചേരി നോര്‍ത്തിലെ പനോളി പീടിക താഴ സ്വകാര്യ വ്യക്തിയുടെ രണ്ടേക്കര്‍ വരുന്ന വയലിലാണ് മാസങ്ങള്‍ക്ക് മുന്‍പ് ബാങ്ക് അധികൃതരുടെ മേല്‍നോട്ടത്തില്‍ നെല്‍കൃഷി ആരംഭിച്ചത്. ധാരാളം പാടശേഖര സമിതികള്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി പഞ്ചായത്തില്‍ ഇതാദ്യമായിരുന്നു സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി ഇറക്കിയത്.
നേരത്തെ എടച്ചേരി തുരുത്തി, ചുണ്ടയില്‍ പ്രദേശങ്ങളില്‍ പച്ചക്കറി കൃഷി ചെയ്ത് വിജയകരമാക്കിയതിന് പിന്നാലെയാണ് ബാങ്ക് നെല്‍കൃഷിയിലും പരീക്ഷണം നടത്തിയത്.
നാടിന്റെ പൊതുരംഗത്ത് നിരവധി സഹായങ്ങള്‍ ചെയ്ത എടച്ചേരിയിലെ പൗര പ്രമുഖനായ പനോളിപ്പീടികയില്‍ കുഞ്ഞമ്മത് ഹാജി തന്റെ രണ്ടേക്കര്‍ വയല്‍ നെല്‍കൃഷിക്കായി അനുവദിക്കുകയായിരുന്നു. മുത്ത ചെമ്പ ഇനത്തില്‍ പെട്ട നെല്ലാണ് പരീക്ഷണാര്‍ഥം ബാങ്കുകാര് തിരഞ്ഞെടുത്തത്.
വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന പാടത്ത് ബാങ്ക് ജീവനക്കാര്‍ കൃഷി ഇറക്കിയതോടെ പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് കൈവന്നത്.
ബാങ്കിന്റെ ഈ സംരംഭം ഭാവിയില്‍ കൂടുതല്‍ പാടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാന്‍ സഹായമാകുമെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
വിളവെടുപ്പ് ഉത്സവം പ്രസിഡന്റ് പി.കെ ബാലന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഒ.പി നിധീഷ്, വൈസ്പ്രസിഡന്റ് കെ.ടി.കെ കൃഷ്ണന്, ഡയരക്ടര്‍മാരായ എം. സുരേന്ദ്രന്, രജനി, ജാനു അസി. സെക്രട്ടറി വി. രാജീവ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."