ടിപ്പുവിനെ കല്ലെറിയുന്നവരോട്
ടിപ്പു സുല്‍ത്താനായിരുന്നു ഇന്ത്യയില്‍ ബ്രിട്ടിഷുകാരുടെ ഏറ്റവും വലിയ ശത്രു. പല തവണ ടിപ്പുവിനോട് പരാജയപ്പെട്ട ബ്രിട്ടിഷുകാര്‍ അദ്ദേഹത്തെ കുരുക്കാന്‍ സര്‍വ ചതി പ്രയോഗങ്ങളും നടത്തി. ക്രിസ്തു രാജ്യം മോഹിപ്പിച്ച് മംഗലാപുരം ഉള്‍ക്കൊള്ളുന്ന ദക്ഷിണ കനറയിലെ കാത്തോലിക് ക്രിസ്തീയരെ ടിപ്പുവിനെതിരേ തിരിച്ചു. തിരുവിതാംകൂറിനെയും സ്വന്തം പാളയത്തില്‍ അണിനിരത്തി. ജന്മിമാര്‍ക്ക് കൂടുതല്‍ വാഗ്ദാനങ്ങള്‍ കൊടുത്ത് കൂടെ നിര്‍ത്തി. ടിപ്പുവിന്റെ തന്നെ മന്ത്രിമാരെയും പട്ടാള മേധാവികളെയും കൈക്കൂലി നല്‍കി വശീകരിച്ചു. മൈസൂര്‍ രാജ്യം മറാത്തക്കാര്‍ക്കും നൈസാമിനും പകുത്ത് നല്‍കാമെന്ന് പറഞ്ഞ് അവരുടെ പിന്തുണ ഉറപ്പാക്കി. എല്ലാവരും കൂടി ടിപ്പുവിനെ പരാജയപ്പെടുത്തി.
മൈസൂരിലെ ഹിന്ദുക്കള്‍, പാലക്കാട്ടെ അച്ചന്‍മാര്‍, കോയമ്പത്തൂരിലെ നായ്ക്കന്‍മാര്‍, കര്‍ണാട്ടിക്കിലെ നവാബ്, ഫ്രഞ്ചുകാരായ ക്രിസ്ത്യാനികള്‍ എന്നിവര്‍ ടിപ്പുവിനൊപ്പമുണ്ടായിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരേ ഒന്നിച്ചു പൊരുതാമെന്ന് ഇന്ത്യന്‍ നാട്ടു രാജ്യങ്ങളോട് ടിപ്പു അഭ്യര്‍ഥിച്ചെങ്കിലും വളരെ കുറച്ച് പേര്‍ മാത്രമാണ് സഹകരിച്ചത്. ഒടുവില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ പൊരുതി മരിച്ച് ടിപ്പു സുല്‍ത്താന്‍ നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് വീരേതിഹാസം രചിച്ചു. അതിനാല്‍ ദേശാഭിമാനികള്‍ക്ക് ടിപ്പു എന്നും വീര പുത്രനാണ്.
ടിപ്പു ഒരു മുസല്‍മാനായത് കൊണ്ടാണ് അദ്ദേഹത്തെ അംഗീകരിക്കാന്‍ മടിക്കുന്നതും, അദ്ദേഹത്തിന്റെ പടയോട്ടങ്ങള്‍ക്ക് മതച്ചുവ നല്‍കുന്നതും. ടിപ്പുവിന് എല്ലാ മതക്കാരിലും ശത്രുക്കളുണ്ടായിരുന്നു. അതെല്ലാം രാഷ്ട്രീയപരമായ കാരണങ്ങളാലായിരുന്നു. ആരും ശത്രുവിന്റെ മതം നോക്കി പ്രതിരോധിക്കാറില്ല. തങ്ങളുടെ മുഖ്യശത്രുവിനെ മത ഭ്രാന്തനാക്കി അവമതിക്കാന്‍ ബ്രിട്ടിഷുകാരെഴുതി വച്ച കള്ളക്കഥകളാണ് സംഘ്പരിവാറുകാര്‍ക്കാധാരം. സംഘ്പരിവാര്‍ ബ്രിട്ടിഷുകാരുടെ കുഴലൂത്തുകാരായിരുന്നല്ലോ? ടിപ്പു രാഷ്ട്രീയമായാണ് കാര്യങ്ങളെ സമീപിച്ചത്. രാജ്യ ദ്രോഹികളെ അദ്ദേഹം ശിക്ഷിച്ചത് രാജധര്‍മത്തിന്റെ ഭാഗമായാണ്.
ജാത്യാചാരങ്ങള്‍ക്കെതിരേ അദ്ദേഹം ശബ്ദിച്ചത് മതം മാറ്റുക എന്ന നിലക്കല്ല. സംബന്ധം, മാറു മറക്കായ്ക, തൊട്ടു കൂടായ്മ എന്നിവ ഉപേക്ഷിക്കുന്നില്ലെങ്കില്‍ ആ മനുഷ്യരെ ഇസ്‌ലാമിലേക്ക് മാറ്റുമെന്ന് പറഞ്ഞതിനെ മതപരമായി വ്യാഖ്യാനിക്കേണ്ടതില്ല. അത് ജന്മിമാരോടുള്ള വെല്ലുവിളിയായിരുന്നു. മാറുമറച്ചപ്പോള്‍ ഉമ്മച്ചി എന്ന് വിളിച്ചാക്ഷേപിച്ച നായര്‍ മേധാവികളെ കുറിച്ച് എന്താണ് പറയുക? മാറു മറച്ചതിന്റെ പേരില്‍ മുലയരിയാന്‍ വിധിച്ച ആറ്റിങ്ങല്‍ റാണിയെ ഹിന്ദുവെന്ന് വിളിക്കാമോ? ജാതി നിയമങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുമെന്നുള്ളതും തങ്ങള്‍ കൈയടക്കി വച്ചിരുന്ന ഭൂമി കര്‍ഷകര്‍ക്ക് നല്‍കുമെന്നുള്ളതും ഭയന്നാണ് മലബാറിലെ ജന്മിമാര്‍ നാട് വിട്ടത്. അപ്പോഴും അവരുടെ ആരാധനാലയങ്ങളൊക്കെ ടിപ്പു സംരക്ഷിച്ചു. ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകം ഗ്രാന്റുകള്‍ പ്രഖ്യാപിച്ചു. അക്കാലത്ത് ജന്മി ദ്രോഹങ്ങളെ ഭയന്ന് നിരവധി കുടിയാന്‍മാര്‍ സ്വമേധയാ മതം മാറിയിരുന്നു. ഇതിനൊക്കെ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
മംഗളൂരുവിലെയും കനറയിലേയും കാത്തോലിക്കാ ക്രിസ്ത്യാനികള്‍ ബ്രിട്ടിഷ് പക്ഷം ചേര്‍ന്ന് ടിപ്പുവിനെതിരായി നില കൊണ്ടപ്പോള്‍ അവര്‍ക്കെതിരേ ടിപ്പു ശക്തമായ നടപടിയെടുത്തു. അവര്‍ ടിപ്പുവിനൊപ്പം നിന്നപ്പോഴാവട്ടെ, അവര്‍ക്ക് തിരിച്ചു വരാനുള്ള സൗകര്യങ്ങളൊരുക്കിക്കൊടുത്തു. തകര്‍ക്കപ്പെട്ട ചര്‍ച്ചുകള്‍ പുനര്‍നിര്‍മിച്ചു കൊടുക്കുകയും ചെയ്തു. (എസ്.ഗില്‍വ & ഫച്ച്‌സ്, ദയ മാരേജ് കസ്റ്റംസ് ഓഫ് ക്രിസ്ത്യന്‍സ് ഇന്‍ സൗത് കനറ, 1965,4). ഫ്രാന്‍സില്‍ നിന്ന് വന്ന ക്രിസ്ത്യാനികളായ പട്ടാളത്തിന് വേണ്ടി ടിപ്പു തന്നെ നിര്‍മിച്ച ചര്‍ച്ച് ഇപ്പോഴുമുണ്ട്. സിറിയന്‍ അര്‍മീനിയന്‍ ക്രിസ്ത്യാനികള്‍ക്ക് ടിപ്പു സര്‍വ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നു. ഇവിടെയൊക്കെ എങ്ങനെയാണ് മത ഭ്രാന്ത് ആരോപിക്കുക?
കള്ള രേഖകള്‍
ബ്രിട്ടിഷുകാര്‍ ടിപ്പുവിനെതിരേ നിരവധി കള്ളക്കഥകളുണ്ടാക്കി. ടിപ്പുവിന്റേതാണെന്ന് പറഞ്ഞ് പല കള്ളരേഖകളുമുണ്ടാക്കി. ടിപ്പു രക്ത സാക്ഷിയായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വേലൂരിലും പിന്നീട് കൊല്‍ക്കത്തയിലും പാര്‍പ്പിച്ചു. അവരെക്കൊണ്ട് തന്നെ നിര്‍ബന്ധിച്ച് കള്ളക്കഥകളെഴുതിച്ചു. ടിപ്പുവിന്റെ ജീവ ചരിത്രകാരന്‍ കിര്‍മാനിക്ക് പോലും കള്ളക്കഥ മെനയേണ്ടി വന്നു. മൈസൂര്‍ കൊട്ടാരത്തിലെ രേഖകളെല്ലാം ഇംഗ്ലണ്ടിലേക്ക് കടത്തി. ഭാഗ്യത്തിന് അതൊന്നും കത്തിച്ചു കളഞ്ഞില്ല. അത് കൊണ്ട് ടിപ്പുവിന്റെ യഥാര്‍ഥ ചരിത്രം മണ്ണടിയാതെ നിന്നു. ടിപ്പുവിനെ കുറിച്ച് പുതിയ പഠനങ്ങള്‍ ബ്രിട്ടിഷുകാര്‍ തന്നെ ഇറക്കിയിട്ടും അതൊന്നും ഹിന്ദുത്വ വാദികള്‍ക്ക് വായിക്കാന്‍ നേരമില്ല. ഭരണ രംഗത്ത് ഏതെങ്കിലും മതത്തിന്റെ വക്താവായല്ല അദ്ദേഹം പ്രവര്‍ത്തിച്ചത്. ശത്രുക്കളായ തിരുവിതാംകൂര്‍ ഹിന്ദു രാജാവിനോടും മുസ്‌ലിം നൈസാമിനോടും ഒരേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. തന്നോട് യുദ്ധം ചെയ്ത മുസ്‌ലിം പട്ടാളക്കാര്‍ മുസ്‌ലിമാണെന്ന് വച്ച് മതത്തിന്റെ പേരില്‍ ഒരു ദാക്ഷിണ്യവും ടിപ്പു കാണിച്ചിട്ടില്ല. അതേസമയം ഹിന്ദുതടവുകാര്‍ക്ക് മതം മാറിയാല്‍ രക്ഷപ്പെടാമെന്ന ഒപ്ഷന്‍ കൊടുത്തിരുന്നു. ഇതെങ്ങനെയാണ് ഹിന്ദു വിരോധമായി കാണുക? ശത്രുവിന്റെ മതം നോക്കിയാണോ യുദ്ധം ചെയ്യാറ്?
സാമൂതിരിയും വള്ളുവനാട് രാജാക്കന്‍മാരും തമ്മിലുണ്ടായ യുദ്ധകാലത്ത് രണ്ട് പക്ഷത്തും മരിച്ചു വീണ നായന്മാര്‍ക്ക് കൈയും കണക്കുമുണ്ടോ? സാമൂതിരിയുടെ സൈന്യം എത്ര ക്രൂരമായാണ് വള്ളുവ രാജാവിന്റെ നായര്‍പടയാളികളെ കൊന്നൊടുക്കിയത്. മാമാങ്കം മഹോത്സവ കാലത്ത് മാത്രം മരണം വരിച്ചവരെത്രയാണ്? എന്നിട്ടും സാമൂതിരി ക്രൂരനോ മതഭ്രാന്തനോ ആയിട്ടില്ല. മൈസൂര്‍ സുല്‍ത്താന്മാരുമായി യുദ്ധം ചെയ്തവര്‍ നായന്മാരായത് കൊണ്ട് അവര്‍ കൊല്ലപ്പെട്ടിരിക്കാം. മൈസൂര്‍ സൈന്യത്തിലും ഒട്ടേറെ ഹിന്ദുക്കളുണ്ടായിരുന്നു. നായന്മാരുടെ വെട്ടേറ്റ് അവരും മരിച്ചിട്ടുണ്ട്. ടിപ്പു മുസല്‍മാനായത് കൊണ്ട് ഇതൊക്കെ മതത്തിന്റെ പേരില്‍ വ്യാഖ്യാനിച്ചെടുത്ത് സാഹസം കാട്ടുന്നവര്‍ പൂര്‍വികരുടെ ത്യാഗബോധത്തേയും ദേശാഭിമാനത്തേയുമാണ് അപമാനിക്കുന്നത്. ഇംഗ്ലീഷുകാരേയും മറാത്തരേയും നൈസാമിനേയും തോല്‍പിക്കുന്നതിന് ശൃംഗേരി മഠത്തില്‍ സുല്‍ത്തന്‌വേണ്ടി ശതചണ്ഡീ ഹോമവും സഹസ്ര ചണ്ഡീ ജപവും നടത്തി. ശൃംഗേരി മഠാധിപതികളും ബ്രാഹ്മണരും പ്രത്യേകം പ്രാര്‍ഥിച്ചു. ഹിന്ദുക്കള്‍ ടിപ്പുവിനോടൊപ്പമായിരുന്നു എന്ന് വ്യക്തം. സംഘ്പരിവാര്‍ ഇതെങ്ങനെ സഹിക്കാനാണ്? ശൃംഗേരി മഠം നശിപ്പിച്ച് അവിടത്തെ ശാരദാ ദേവിയുടെ വിഗ്രഹം രഘുനാഥ് റാവുവിന്റെ നേതൃത്വത്തില്‍ മറാത്തികള്‍ കവര്‍ന്ന് കൊണ്ടുപോയപ്പോള്‍ ടിപ്പു സുല്‍ത്താന്‍ മഠം പുനര്‍ നിര്‍മിച്ച് വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ നടത്താന്‍ സര്‍വ ചെലവുകളും നല്‍കി. ഒപ്പം സുല്‍ത്താന്റെ വക ബ്രാഹ്മണര്‍ക്ക് ഊട്ടും കൊടുത്തു.
ക്ഷേത്രങ്ങളുടെ സംരക്ഷണം
രാജധര്‍മത്തിന്റെ ഭാഗമായി തന്നോട് കൂറ് പുലര്‍ത്തിയ എല്ലാ മതക്കാരുടേയും ആരാധനാ കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ ടിപ്പു ബാധ്യസ്ഥനായിരുന്നു. മൈസൂര്‍ ഗസറ്റിന്റെ എഡിറ്റര്‍ ശ്രീകണ്ഠയ്യ മൈസൂരില്‍ മാത്രം ടിപ്പു ഗ്രാന്റ് നല്‍കിയിരുന്ന 150 ക്ഷേത്രങ്ങളെപ്പറ്റി പറയുന്നുണ്ട്. 1782നും 1790നും ഇടക്ക് തന്റെ രാജ്യത്ത് ക്ഷേത്രങ്ങള്‍ക്ക് ഭൂമി നല്‍കിയതിന്റെ 34 ആധാരങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. 1785 മുതല്‍ ശൃംഗേരി മഠത്തിന് അദ്ദേഹം പല വക ദാനങ്ങള്‍ നല്‍കിപ്പോന്നു.
മഠത്തിലെ ജഗത് ഗുരുവുമായുള്ള കത്തിടപാടുകള്‍ നശിപ്പിക്കപ്പെട്ടില്ല. തന്റെ രാജ്യത്തെ ഉന്നത ബ്രാഹ്മണരായ കൃഷ്ണ റാവു, ഷമയ്യ അയ്യങ്കാര്‍, രങ്ക അയ്യങ്കാര്‍, പൂര്‍ണയ്യ, മൂല്‍ ചന്ദ്, സുബന്‍ റായ് , സുബ്ബറാവു തുടങ്ങിയവരെ ഉന്നതസ്ഥാനങ്ങളില്‍ അദ്ദേഹം നിയമിച്ചു. സാലെറ്റര്‍, ടിടി. ഷര്‍മ, ചന്ന ബാസപ്പ, പാട്ടീല്‍ പുട്ടാപ്പ, ചന്ദ്രശേഖര പാട്ടീല്‍ തുടങ്ങിയ പ്രാദേശിക ചരിത്രകാരന്‍മാരൊക്കെ ടിപ്പുവിനെ ഹിന്ദു ധര്‍മത്തിന്റെ സംരക്ഷകനായാണ് വാഴ്ത്തുന്നത്. നഞ്ചംകുണ്ട് ക്ഷേത്രം, രംഗനാഥ ക്ഷേത്രം, മേലുക്കോട്ട് ക്ഷേത്രം, തിരുപ്പതി വെങ്കട രാമണ ക്ഷേത്രം, കാഞ്ചീപുരം ഏകംഭരേശ്വരസ്വാമീ ക്ഷേത്രം, അഞ്ജനേയ സ്വാമീ ക്ഷേത്രം, ഗട്ടുപേട്ട് നരസിംഹസ്വാമീ ക്ഷേത്രം, മഞ്ചൂര്‍ ചെന്നകേശസ്വാമീ ക്ഷേത്രം, പ്രസന്ന വേങ്കടേശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ക്ക് ഗ്രാന്റുകളും പൂജാരിമാര്‍ക്ക് സ്‌റ്റൈപ്പന്റും നല്‍കി. ക്ഷേത്രങ്ങള്‍ക്ക് സ്വര്‍ണം കൊണ്ടും വെള്ളി കൊണ്ടുമുള്ള കപ്പുകള്‍ സുല്‍ത്താന്‍ ദാനം നല്‍കാറുണ്ടായിരുന്നു. പല ക്ഷേത്രങ്ങളിലും ഇപ്പോഴുമവ ആദരവോടെ സൂക്ഷിക്കുന്നു. നഞ്ചഗുഡിലെ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് ടിപ്പു നല്‍കിയ രത്‌നം പതിച്ച കപ്പ് ഉത്സവ വേളകളില്‍ പ്രദര്‍ശിപ്പിക്കുന്നു. തന്റെ കൊട്ടാരത്തിനടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് അദ്ദേഹം വഴിപാടുകള്‍ കൊടുത്തയക്കുമായിരുന്നു. ഇത്തരത്തില്‍ തന്റെ രാജ്യ ധര്‍മം നിലനിര്‍ത്തിയ ടിപ്പുവിനെ മത ഭ്രാന്തനാക്കാന്‍ തെല്ല് തൊലിക്കട്ടി തന്നെ വേണം.
യുദ്ധ വേളകളില്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കാം. ഇതൊന്നും മത നയത്തിന്റെ ഭാഗമല്ല. എന്നാല്‍ എവിടെ ക്ഷേത്രം പൊളിഞ്ഞു കിടക്കുന്നത് കണ്ടാലും അത് ടിപ്പു ചെയ്തതാണെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് സംഘ്പരിവാര്‍. ഇവരുടെ പൂര്‍വികരായ ബ്രാഹ്മണര്‍ കാണിച്ച പേക്കൂത്തുകള്‍ സഹിക്ക വയ്യാഞ്ഞിട്ടാണ് നിരവധി പേര്‍ മതം മാറിയത്. വാള് കൊണ്ട് മതം മാറ്റി എന്ന് പറയുന്നവര്‍ മലബാറിലെ ചരിത്രം മാത്രമൊന്ന് വായിച്ചാല്‍ മതി. വിവേകാനന്ദ സ്വാമികള്‍ ഭ്രാന്താലയമെന്ന് വിളിച്ചത് ഈ മലബാറിനെയാണെന്നോര്‍ക്കണം. കേരളത്തിലും നിരവധി ക്ഷേത്രങ്ങള്‍ക്ക് ടിപ്പു സുല്‍ത്താന്‍ ഇനാം നല്‍കിയതിന്റെ രേഖകള്‍ കോഴിക്കോട് ആര്‍ക്കൈവ്‌സില്‍ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
താനൂരിലെ കേരളാധീശ്വരപുര ക്ഷേത്രത്തിന് മാത്രമായി ആയിരം ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. എന്നിട്ടും ആ ക്ഷേത്രം ടിപ്പുവിന്റെ ആളുകള്‍ നശിപ്പിച്ചു എന്ന് പ്രചരിപ്പിക്കപ്പെട്ടു. അനിയന്ത്രിതമായ സംബന്ധ സമ്പ്രദായം കണ്ടപ്പോള്‍ അതിനെതിരായ നിയമങ്ങള്‍ക്ക് ടിപ്പു ശുപാര്‍ശ ചെയ്തത് ഹിന്ദു മത വിരോധം കൊണ്ടാണോ? സ്ത്രീകളോട് മാറു മറക്കാന്‍ പറഞ്ഞതും കോടതിയിലേക്ക് വരാന്‍ എല്ലാവരോടും കല്‍പിച്ചതും ജാതി സമ്പ്രദായത്തെ വിമര്‍ശിച്ചതുമെല്ലാം മത ഭ്രാന്ത് കൊണ്ടാണോ? അങ്ങനെയെങ്കില്‍ ഇതേ ലക്ഷ്യത്തിന് മുന്നിട്ട് നിന്ന ഹൈന്ദവ പരിഷ്‌കര്‍ത്താക്കളെ എന്ത് നാം വിളിക്കും? ഹൈന്ദവരില്‍ നിന്നുണ്ടാവേണ്ട മത പരിഷ്‌കരണം ടിപ്പു എന്ന മുസല്‍മാന്‍ ഏറ്റെടുത്തത് ശരിയായില്ല എന്നഭിപ്രായമാണെങ്കില്‍ അത് സമ്മതിക്കാം. എന്നാലും സുല്‍ത്താനെ മത ഭ്രാന്തനെന്ന് വിളിക്കാമോ? ജനക്ഷേമത്തിന് വേണ്ടി നിയമങ്ങള്‍ കൊണ്ടു വന്നപ്പോള്‍ തകര്‍ന്നത് സാധരാണക്കാരെ ചൂഷണം ചെയ്ത ജന്മിയുടെ അപ്രമാദിത്യമാണ്.
ഡോ. കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടത് പോലെ 'മധ്യ കാലീനമായ ഒരു ജന സമൂഹത്തില്‍ ആധുനികതയുടെ ശുകനക്ഷത്രം പോലെ പ്രകാശോജ്ജ്വലമായ ഭരണ രീതിയായിരുന്നു സുല്‍ത്താന്‍ നടപ്പാക്കിയത്.' ഇത് പലര്‍ക്കും ദഹിക്കാതിരുന്നിട്ടുണ്ടെങ്കില്‍ അത് ആ വിഭാഗത്തിന്റെ ചൂഷണത്തിനുള്ള അവകാശം നഷ്ടപ്പെട്ടപ്പോഴാണ്. അതിനെ ഒരു വിധേനയും മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ല.
1930ല്‍ മഹാത്മാ ഗാന്ധി യങ്ങ് ഇന്ത്യയില്‍ ടിപ്പുവിനെക്കുറിച്ചെഴുതി: 'ടിപ്പു ക്ഷേത്രങ്ങള്‍ക്ക് നിര്‍ലോപമായ സഹായങ്ങള്‍ നല്‍കി. തന്റെ തലസ്ഥാനത്തിന് സമീപമുള്ള ശ്രീവെങ്കിട്ട രമണ, ശ്രീ രങ്കനാഥ, ശ്രീനിവാസ എന്നീ ക്ഷേത്രങ്ങള്‍ക്കും മറ്റും അദ്ദേഹം സഹായം നല്‍കിപ്പോന്നു. അദ്ദേഹത്തിന്റെ വിശാലമായ സഹിഷ്ണുതക്ക് ഇവ ഇന്നും സാക്ഷിയാണ്. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ടിപ്പു ഒരു തികഞ്ഞ രക്തസാക്ഷി തന്നെയാണ്. ക്ഷേത്ര മണികളില്‍ നിന്നുള്ള ശബ്ദം അദ്ദേഹത്തിന്റെ പ്രാര്‍ഥനകളെ ഒരിക്കലും അലോസരപ്പെടുത്തിയില്ല. അദ്ദേഹവും അതേ ദൈവത്തിന്റെ ആരാധകനായിരുന്നല്ലോ'. കന്നട ഭാഷയെ സമ്പന്നമാക്കുന്നതിനായി അദ്ദേഹം പേര്‍ഷ്യന്‍ കൃതികള്‍ പലതും കന്നടയിലാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ പേര്‍ഷ്യന്‍ രീതിയിലാണ് നടപ്പാക്കിയത്. ഭരണ വ്യവസ്ഥയും നിയമ വ്യവസ്ഥയും റവന്യൂ വ്യവസ്ഥകളുമെല്ലാം അങ്ങനെ തന്നെ. അതാണ് പിന്നീട് ബ്രിട്ടിഷുകാരും ഇന്ത്യന്‍ സര്‍ക്കാറും തുടര്‍ന്നത്. താലൂക്കും ജില്ലയും നികുതിയും രശീതും ആമേനും ജപ്തിയും വസൂലും പ്രമാണവും ഹര്‍ജിയും തസ്തികയും മരാമത്തും മുന്‍സിഫുമെല്ലാം ഇന്നും തുടരുന്നത് ടിപ്പുവിന്റെ പരാമ്പര്യം ഏറ്റെടുത്ത് കൊണ്ട് തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."