കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അനാസ്ഥ; ആദിവാസി ഊരുകളിലേക്കുള്ള റോഡ് പണി പാതി വഴിയില്‍
നാദാപുരം: കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ അനാസ്ഥ കാരണം പന്ത്രണ്ടോളം ആദിവാസി ഊരുകളെ ബന്ധിപ്പിക്കുന്ന കണ്ടിവാതുക്കല്‍-ചിറ്റാരി റോഡ് നിര്‍മാണം മുടങ്ങി. കണ്ണൂര്‍ കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര റോഡ് എന്ന നിലക്കും ഒറ്റപ്പെട്ടു കിടക്കുന്ന ആദിവാസി ഊരുകളെ ബന്ധിപ്പിച്ച് ഗതാഗത സൗകര്യം ഒരുക്കുക എന്ന നിലക്കും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് റോഡിനായി ഫണ്ട് അനുവദിച്ചത്.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അന്നത്തെ മന്ത്രി പി.കെ ജയലക്ഷ്മി മുന്‍കൈയെടുത്ത് പ്രത്യേക പ്രൊജക്ട് ആയി ഇതിന് രണ്ടരകോടി രൂപ അനുവദിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ആയിരുന്നു നാലുകിലോമീറ്ററോളം വരുന്ന റോഡിന്റെ നിര്‍മാണ ചുമതല.
ആദ്യഘട്ടത്തില്‍ റോഡ് നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നെങ്കിലും പിന്നീട് കോര്പ്പറേഷന് തന്നെ പദ്ധതി മുടക്കുകയായിരുന്നു. കരാറുകാരന് പാര്‍ട് ബില്ലുകള്‍ മാറിക്കൊടുക്കാനും കോര്പ്പറേഷന് തയാറായില്ല. പണം ലഭിക്കാത്തതിനാല്‍ കരാറുകാരന് പണി നിര്‍ത്തി.
പദ്ധതി കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ ചുവപ്പുനാടയില്‍ കുടുങ്ങിയതോടെ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് കരാറുകാരന്. ഇതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് മാക്കൂല്‍ കേളപ്പന് പൊതുമരാമത്ത് മന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."