കുളിക്കടവില്‍ സാമൂഹ്യവിരുദ്ധര്‍ അറവുമാലിന്യം തള്ളി
തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ തെക്കുംഭാഗം കമ്പിപാലത്തിന് സമീപമുള്ള പഞ്ചായത്ത് കുളിക്കടവില്‍ സാമൂഹ്യവിരുദ്ധര്‍ അറവുമാലിന്യങ്ങള്‍ തള്ളിയ നിലയില്‍ കാണപ്പെട്ടു.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ തോടുകളിലെ വെള്ളം പറ്റിയതിനാല്‍ നിരവധി ആളുകള്‍ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ആശ്രയിക്കുന്നത് ഈ കുളികടവിനെയാണ്. മനഃപൂര്‍വ്വം മാലിന്യം നിക്ഷേപിച്ച് കുളിക്കടവില്‍ ആളുകള്‍ എത്താതിരിക്കുന്നതിനാണ് ശ്രമിച്ചതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. കുളിക്കടവ് കേന്ദ്രമാക്കി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരും ഇതിന് പിന്നിലുള്ളതായി സംശയിക്കുന്നു.
ഗ്രാമപഞ്ചായത്ത് സ്ഥാപിക്കുന്ന വഴിവിളക്കുകള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണെന്ന് വാര്‍ഡ് മെമ്പര്‍ ബീന വിനോദ് പറഞ്ഞു.
ഇരുട്ടിനെ മറയാക്കി ഈ ഭാഗത്ത് മോഷ്ടാക്കളും മദ്യപാനികളും അവരുടെ താവളമാക്കി മാറ്റിയിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പോലും ഇവിടെയുള്ള തൂക്കുപാലത്തിലൂടെ സ്ത്രീകള്‍ക്ക് നടന്നുപോകുന്നതിനും ഇവര്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അപരിചിതരായ ആളുകള്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി ഇവിടെ തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്.
ഇവര്‍ തൂക്കുപാലത്തിന്റെ കൈവരികളില്‍ കയറിനിന്ന് പുഴയിലേക്ക് ചാടുന്നതിനാല്‍ തൂക്കുപാലത്തിന് തകരാറ് സംഭവിക്കുന്നുണ്ട്. കുളിക്കടവില്‍ എത്തുന്ന സ്ത്രീകള്‍ക്കും ഇവര്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."