ലഹരി വിരുദ്ധ ക്യാംപയിനുമായി പൊലിസ് അസോസിയേഷന്‍
തൊടുപുഴ : വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം സമൂഹത്തില്‍ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതായി ജില്ലാ പൊലിസ് മേധാവി കെ. ബി. വേണുഗോപാല്‍.
കേരളാ പൊലിസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തുടക്കം കുറിച്ച ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ഉപഭോഗം ജില്ലയില്‍ നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്. വളര്‍ന്നു വരുന്ന തലമുറയെ കരുതലോടെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടവരാണ് രക്ഷിതാക്കള്‍. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഇന്ന് കുട്ടികളെ നോക്കാന്‍ സമയമില്ല. രക്ഷിതാക്കള്‍ ഇന്ന് അവരുടെ ലോകത്താണ് ജീവിക്കുന്നത്.
ലഹരിമരുന്നുകളുടെ ഉപയോഗം സ്‌കൂള്‍ തലത്തില്‍ തന്നെ ഇല്ലാതാക്കാന്‍ കഴിയണം. ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് തൊടുപുഴ ഡിവൈഎസ്പിയോട് ജില്ലാ പൊലിസ് മേധാവി നിര്‍ദ്ദേശിച്ചു. ലഹരി വേട്ടക്ക് സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളുടെ സഹായവും തേടാമെന്ന് അദ്ദേഹം പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും പൊലിസ് സേനയിലും ലഹരി ഉപയോഗിക്കുന്നവരുണ്ടെന്നും മുഖ്യ പ്രഭാഷണം നടത്തിയ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ പറഞ്ഞു. വേട്ടക്കാരനും ഇരക്കും ഇടയില്‍ നില്‍ക്കുന്ന വാതിലായാണ് പൊലിസുകാര്‍ പ്രവര്‍ത്തിക്കേണ്ടത്.
അല്ലെങ്കില്‍ കുപ്പായം അഴിച്ചുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം സമൂഹത്തില്‍ തുല്യ ഉത്തരവാദിത്തമാണ് വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.കെ.പി.എ സംസ്ഥാന പ്രസിഡന്റ് ടി .എസ് .ബൈജു, ജനറല്‍ സെക്രട്ടറി പി. ജെ. അനില്‍കുമാര്‍, ട്രഷറര്‍ എസ്. ഷൈജു, ജോയിന്റ് സെക്രട്ടറി സണ്ണി ജോസഫ്, വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ എന്നിവര്‍ക്ക് സ്വീകരണവും നല്‍കി.
കെ.പി.എ ജില്ലാ പ്രസിഡന്റ് ഇ. ജി. മനോജ്കുമാര്‍, സെക്രട്ടറി പി. കെ. ബൈജു, തൊടുപുഴ ഡി.വൈ.എസ്.പി എന്‍.എന്‍. പ്രസാദ്, തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്‍, എസ്.ഐ ജോബിന്‍ ആന്റണി, കെ.ജി പ്രകാശ്, ടി.സി ഷിജു, കെ.വി വിശ്വനാഥന്‍, കെ.എസ് ഔസോഫ്, സതീശ് ചന്ദ്രന്‍, കെ.പി അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."