സാമ്പത്തിക പ്രതിസന്ധി: കൈത്തറി സംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ അഞ്ഞൂറോളം കൈത്തറി സംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.
അസംസ്കൃത വസ്തുക്കള്‍ വാങ്ങി നല്‍കാത്തതിനു പുറമെ ആറു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളവും ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.
ശമ്പളത്തിന് പുറമെ ഇന്സന്റീവൂം പിടിച്ചുവച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് കൈത്തറി തൊഴിലാളി കുടുംബങ്ങള്‍. ആറായിരത്തിലേറെ സ്ഥിരം തൊഴിലാളികളും അയ്യായിരത്തിലേറെ അനുബന്ധ തൊഴിലാളികളുമാണ് കൈത്തറി മേഖലയെ ആശ്രയിച്ച് സംസ്ഥാനത്തുള്ളത്.
നാഷണല്‍ ഹാന്‍ഡ്ലൂം ഡവലപ്മെന്റ് കോര്പറേഷന് നല്കുന്ന നൂല് ഉപയോഗിച്ചാണ് കൈത്തറി സംഘങ്ങളില്‍ വസ്ത്രങ്ങളുടെ നിര്‍മാണം. സ്കൂള്‍ യൂനിഫോം,സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ബഡ്ഷീറ്റ്, തലയിണകള്‍, തോര്‍ത്ത് എന്നിവയാണ് നെയ്തിരുന്നത്.
രണ്ടുവര്‍ഷമായി ലഭിച്ചിരുന്ന യൂനിഫോം നെയ്ത്താണ് സംഘങ്ങളെ നിലനിര്‍ത്തിപ്പോന്നത്. ഇതും പ്രതിസന്ധിയിലായതോടെ നാലു പതിറ്റാണ്ടിലേറെയായി പരമ്പരാഗത നെയ്ത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് മറ്റു പണികള്‍ക്കു പോകേണ്ട ഗതികേടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."