ജ്വല്ലറിയുടെ സമ്മാനം ലഭിച്ചതായി അറിയിച്ച് തട്ടിപ്പ്; മധ്യവയസ്‌കന് ലഭിച്ചത് മുക്കുപണ്ടങ്ങള്‍
മുക്കം: കോഴിക്കോട് ഉടന്‍ തുറക്കാനിരിക്കുന്ന ജ്വല്ലറിയുടെ സമ്മാനം ലഭിച്ചതായി അറിയിച്ച് മുക്കുപണ്ടങ്ങള്‍ നല്‍കി മധ്യവയസ്‌കനെ കബളിപ്പിച്ചു. മുക്കം തൂങ്ങുംപുറം സ്വദേശി ഭാസ്‌ക്കരനാണ് (56) തട്ടിപ്പിന് ഇരയായത്. മൂന്നാഴ്ച മുന്‍പാണ് 9704826804 നമ്പറില്‍ നിന്നും ഭാസ്‌ക്കരന്റെ ഫോണിലേക്ക് അജ്ഞാതന്‍ വിളിച്ചത്.
കോഴിക്കോട് ഉടന്‍ തുടങ്ങാന്‍ പോവുന്ന ജ്വല്ലറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന നറുക്കെടുപ്പില്‍ ഭാസ്‌കരന് സ്വര്‍ണ സമ്മാനം ലഭിച്ചെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അഡ്രസ് വേണമെന്നും സമ്മാനം ഉടന്‍ തപാല്‍ വഴി എത്തുമെന്നും അറിയിച്ചു.
1000 രൂപ പാര്‍സല്‍ ചാര്‍ജ് നല്‍കി ഇന്നലെ രാവിലെ മണാശ്ശേരി പോസ്റ്റ് ഓഫിസില്‍ നിന്നും പാര്‍സല്‍ കൈപറ്റി. എട്ട് വളയും ഒരുമാലയും ഒരു കമ്മലുമാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ സമീപത്തെ ജ്വല്ലറിയില്‍ പോയി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ബോധ്യമായത്. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഭാസ്‌കരന്‍ ഇത്തരമൊരു തട്ടിപ്പിന് കൂടി ഇരയായിരിക്കുന്നത്.
അതേസമയം മലയോര പ്രദേശങ്ങളില്‍ ഇത്തരം സമ്മാനങ്ങള്‍ ലഭിച്ചതായി അറിയിച്ച് നിരവധി ഫോണ്‍ കോളുകളാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. പലരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ടെങ്കിലും മാനഹാനി ഭയന്ന് പുറത്ത് പറയാതിരിക്കുകയാണ്. ഈ പ്രവണത കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതായും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."