മാലിന്യം നീക്കം ചെയ്തില്ല; മെഡിക്കല്‍ കോളജ് പരിസരം നാറുന്നു
ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഒഴുകുന്ന കക്കൂസ് മാലിന്യം തടയാന്‍ മണ്ണിട്ട് തടകെട്ടി പ്രക്ഷോഭത്തിന് ഒരുങ്ങി നാട്ടുകാര്‍ ചേവായൂര്‍: മെഡിക്കല്‍ കോളജ് ക്രിക്കറ്റ് ഗ്രൗണ്ടിനു സമീപം കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാനോ കക്കൂസ് മാലിന്യത്തിന് ശാശ്വത പരിഹാരം കാണാനോ തയാറാകാതെ അധികൃതര്‍. സമീപത്തെ പറമ്പില്‍നിന്ന് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഒഴുകിയ കക്കൂസ് മാലിന്യം മണ്ണ് ഉപയോഗിച്ചു തടകെട്ടി നിര്‍ത്തിയിരിക്കുകയാണ്. ഗ്രൗണ്ടിനു സമീപമുള്ള ഹോസ്റ്റലില്‍നിന്ന് ടാങ്ക് നിറഞ്ഞ് ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യവും ചാക്കില്‍ കെട്ടി കൂട്ടിയിട്ടിരിക്കുന്ന ആശുപത്രി മാലിന്യവും കൂടി മെഡിക്കല്‍ കോളജ് പരിസരമാകെ നാറുന്ന സ്ഥിതിയാണുള്ളത്.
ഇന്നലെ ഗ്രൗണ്ടില്‍ കിര്‍ത്താര്‍ഡ്‌സിന്റെ ആഭിമുഖ്യത്തില്‍ തലക്കല്‍ ചന്തു സ്മാരക അമ്പെയ്ത്ത് മത്സരം നടന്നിരുന്നു. കക്കൂസ് മാലിന്യം കെട്ടിക്കിടന്ന ഗ്രൗണ്ടിന്റെ ഭാഗങ്ങള്‍ മണ്ണിട്ട് നികത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മൂക്ക് പൊത്തിയാണ് മത്സരാര്‍ഥികള്‍ ഗ്രൗണ്ടിലിറങ്ങിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് നീക്കം ചെയ്യുന്ന മാലിന്യമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഇവിടെ കൂട്ടിയിട്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ ഒഴിഞ്ഞ പറമ്പുകളില്‍ പല ഭാഗത്തും ഇത്തരത്തില്‍ ആശുപത്രി മാലിന്യം കുന്നുകൂടി കിടക്കുകയാണ്. മാലിന്യം കൂട്ടിയിടുന്നത് കാരണം ഈ ഭാഗങ്ങളില്‍ നായശല്യവും വര്‍ധിച്ചിട്ടുണ്ട്. നൂറുകണക്കിന് നായകളാണ് പ്രദേശത്ത് അലഞ്ഞുതിരിയുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഭക്ഷണവും മാംസവും കലര്‍ന്ന മാലിന്യം രൂക്ഷമായ ദുര്‍ഗന്ധം പരത്തുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."