HOME
DETAILS
MAL
സി.എം അബ്ദുല്ല മൗലവി വധം നിലപാട് മാറ്റി സി.ബി.ഐയുടെ മൂന്നാം റിപ്പോര്‍ട്ട്
backup
February 03 2020 | 02:02 AM
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവി വധക്കേസില്‍ മുന്‍ നിലപാട് മാറ്റി സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍പ് സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടുകളും കോടതി അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്നാണ് മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ അബ്ദുല്ല മൗലവിയുടെ മരണം അപകടം കാരണമായുള്ള മുങ്ങിമരണമോ അല്ലെങ്കില്‍ അസ്വാഭാവിക മരണമോ ആണെന്ന് രേഖപ്പെടുത്തി എറണാകുളം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് കെ.ജെ.ഡാര്‍വിനാണ് എങ്ങും തൊടാതെയുള്ള പുതിയ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ 31 ന് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ടിലും സി.ബി.ഐ ആവര്‍ത്തിച്ചിട്ടുണ്ട്.
2016 ല്‍ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ കെ.ജെ ഡാര്‍വിന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളുകയും കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ കോടതിയില്‍ സമര്‍പ്പിക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തോളം യാതൊരുവിധ അന്വേഷണങ്ങളും നടത്താതെ പഴയ റിപ്പോര്‍ട്ടില്‍ ചില ഭേദഗതി വരുത്തി വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോടതിയുടെ 2016 ലെ ഉത്തരവ് അതേപടി നിലനില്‍ക്കുന്നുണ്ടെന്നും അതു പരിഹരിക്കാതെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളുന്നതായും കോടതി വ്യക്തമാക്കി.
എന്നാല്‍ സി.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥരെകൊണ്ട് കേസന്വേഷണം നടത്താന്‍ സി.ബി.ഐ തുനിഞ്ഞില്ല. ഇതിനു പകരം കോടതി 2016 ല്‍ ഉത്തരവിട്ട ഉന്നത മെഡിക്കല്‍ സംഘത്തിന്റെ സഹായം രണ്ടുമാസം മുന്‍പ് സ്വീകരിച്ചാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പോണ്ടിച്ചേരിയിലെ ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററി (ജിപ്മര്‍) ലെ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി വിദഗ്ധരാണ് രണ്ടുമാസം മുന്‍പ് ജില്ലയിലെത്തി തെളിവെടുപ്പ് നടത്തിയത്. ഇവരുടെ റിപ്പോര്‍ട്ട് പിന്തുടര്‍ന്നാണ് സി.ബി.ഐ മുന്‍ നിലപാട് മാറ്റിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേസമയം അപകടത്തെ തുടര്‍ന്നുള്ള മുങ്ങി മരണമെന്നത് അബ്ദുല്ല മൗലവിയുടെ കാര്യത്തില്‍ സംഭവിക്കാനിടയില്ല. സംഭവസമയത്ത് 77 വയസ് പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് കാല്‍മുട്ട് വളയാത്ത രോഗം ഉണ്ടായിരുന്നതിനാല്‍ അര്‍ധരാത്രി വീട്ടില്‍ നിന്നും തനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കടുക്കക്കല്ലിന് സമീപത്തെത്താന്‍ കഴിയില്ലെന്നത് അബ്ദുല്ല മൗലവിയുടെ കുടുംബത്തിനും അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന പൊതുസമൂഹത്തിലെ ഒട്ടനവധി ആളുകള്‍ക്ക് അറിയാവുന്നതാണ്.
ഇക്കാര്യം കേസന്വേഷിച്ച എല്ലാ സംഘത്തിനും നല്‍കിയതുമാണ്. അതേസമയം അസ്വഭാവിക മരണം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതും അന്വേഷണ ഏജന്‍സിയാണ്.
2010 ഫെബ്രുവരി 15 നാണ് അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്കയിലെ കടുക്കക്കല്ലിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കല്‍ പൊലിസ്, ക്രൈംബ്രാഞ്ച് എന്നിവര്‍ അന്വേഷണം നടത്തിയെങ്കിലും 2010 മാര്‍ച്ച് 24 നു കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
തുടര്‍ന്ന് 2010 ആഗസ്റ്റില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കുന്നതിനിടയില്‍ തന്നെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇതേതുടര്‍ന്ന് അന്വേഷണം നിശ്ചലമാവുകയും അബ്ദുല്ല മൗലവിയുടെ കുടുംബവും വിവിധ ആക്ഷന്‍ കമ്മിറ്റികളും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടായിരുന്നു കക്ഷികള്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മൂന്നു വര്‍ഷത്തോളം നീണ്ടു നിന്ന നിയമയുദ്ധത്തിന് ശേഷം വിചാരണാ കോടതിയില്‍ കക്ഷികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുമെന്നും ഇല്ലെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ഹരജി തീര്‍പ്പാക്കി ഉത്തരവിട്ടിരുന്നു.
അതേസമയം കക്ഷികള്‍ ആവശ്യപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ഇതുവരെയായി നടത്തിയില്ല. സി.ബി.ഐയുടെ ആദ്യ സംഘത്തിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."