മോശം കേസുകള്‍ അഭിഭാഷകര്‍ വേണ്ടെന്ന് വയ്ക്കണം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര: സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കേസുകള്‍ വാദിച്ചുള്ള കാശ് വേണ്ടെന്നു വയ്ക്കാനുള്ള ആര്‍ജ്ജവം അഭിഭാഷകര്‍ കാണിക്കണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം റൂറല്‍ പൊലിസ് ജില്ലയില്‍ സമ്പൂര്‍ണ ജനമൈത്രി പൊലിസ് പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഭിഭാഷകരില്‍ ചുരുക്കം വിഭാഗം മാത്രമാണ് ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്നത്. കോടതി പിരിഞ്ഞിരിക്കെ ഓടിക്കയറി കൂട്ടില്‍ നില്‍ക്കുന്നവനെ സംരക്ഷിക്കേണ്ടതില്ല. അവനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പൊലിസ് പൊലിസല്ലാതെയാകും.
ക്രിമിനലുകള്‍ക്ക് നിയമത്തിന്റെ എല്ലാ സുരക്ഷയും നല്‍കി വാഴാമെന്ന അന്തരീക്ഷം ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകില്ല. നടിയെ അക്രമിച്ച സംഭവത്തിന്റെ പിന്നിലാരെന്നു കണ്ടെത്തുകയും കല്‍ത്തുറങ്ക് ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷയായി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ ഗീതാ സുധാകരന്‍, കൊല്ലം റൂറല്‍ പൊലിസ് ജില്ലാ മേധാവി എസ്.സുരേന്ദ്രന്‍, കൗണ്‍സിലര്‍ സൂസമ്മ ചാക്കോ, പുനലൂര്‍ എ.എസ്.പി കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍, ഡി.വൈ.എസ്.പി.മാരായ ബി.കൃഷ്ണകുമാര്‍, എ.അബ്ദുല്‍റാഷി, അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."