ആദ്യ ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരില്‍ നിന്നാക്കാന്‍ തീവ്രശ്രമം: മന്ത്രി കെ.ടി ജലീല്‍
കൊണ്ടോട്ടി: കേരളത്തില്‍നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് യാത്രയുടെ തുടക്കം കരിപ്പൂരില്‍ നിന്നാക്കാന്‍ തീവ്രശ്രമം നടത്തുമെന്ന് ഹജ്ജ് കാര്യ മന്ത്രി കെ.ടി ജലീല്‍.
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ ആദ്യയാത്ര നെടുമ്പാശ്ശേരിയില്‍ നിന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തെ 2,000 തീര്‍ഥാടകരെ നെടുമ്പാശ്ശേരിയില്‍നിന്ന് മദീനയിലേക്കാണ് കൊണ്ടുപോവുകയെന്ന് അറിയിപ്പ് ലഭിച്ചതായി മന്ത്രി പറഞ്ഞു. ആദ്യ ഹജ്ജ് വിമാനങ്ങള്‍ കരിപ്പൂരിലേക്ക് മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിലും കേന്ദ്രഹജ്ജ് കമ്മിറ്റിയിലും സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തും. ഹജ്ജ് ചുമതലയുള്ള കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് ഹൗസിനോട് ചേര്‍ന്ന സ്ത്രീകള്‍ക്ക് താമസിക്കാന്‍ 6.5 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഹജ്ജ് ഹൗസില്‍ മദ്‌റസാധ്യാപകര്‍ക്ക് സ്ഥിരം പരിശീലനം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. സമുദായ, സംഘടനാ നേതാക്കളുമായി ഇക്കാര്യം ആലോചിക്കും. ഉംറക്ക് പോകുന്നവര്‍ക്ക് ഹജ്ജ് ഹൗസിലെ സൗകര്യം ലഭ്യമാക്കുന്നതും പരിഗണനയിലുണ്ട്. മദ്‌റസാധ്യാപക ക്ഷേമബോര്‍ഡില്‍ ചില സംഘടനകള്‍ക്ക് അംഗത്വം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നിയമസഭയില്‍ ഇതേ കുറിച്ചുള്ള ബില്ല് വരുന്നമുറക്ക് മദ്‌റസയുള്ള എല്ലാ സമുദായ സംഘടനകള്‍ക്കും അംഗത്വം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊണ്ടുപോവുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."