മക്കയിൽ നിന്നു ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ രണ്ട് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു
ജിദ്ദ: മക്കയിൽ നിന്നു ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ രണ്ട് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂർ മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്‍റെ സുഹൃത്ത് അമീനിന്‍റെ മകൻ അർഹാം (4) എന്നിവരാണ് മരിച്ചത്. ഷമീമിന്‍റെ ഭാര്യ അഷ്മില, അമീനിന്‍റെ ഭാര്യ ഷാനിബ എന്നിവർക്ക് പരിക്കേറ്റു. ഷമീമിന്‍റെ മക്കളായ അയാൻ, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവരുടെ പരിക്ക് നിസ്സാരമാണ്.
റിയാദിൽ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും ഇരുവരുടെയും കുടുംബങ്ങളും മക്കയിൽ ഉംറയ്ക്ക് പോയ ശേഷം മടങ്ങുകയായിരുന്നു. റിയാദ് - ജിദ്ദ ഹൈവേയിൽ റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ഹുമയാത്ത് പൊലീസ് പരിധിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടമുണ്ടായത്. പരിക്കേറ്റവരെ അൽഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
മൃതദേഹങ്ങൾ ഹുമയാത്തിന് സമീപം അൽഖസ്റ ആശുപത്രിയിൽ മോർച്ചറിയിലാണ്. നിസാര പരിക്കേറ്റ അയാൻ, സാറ എന്നീ കുട്ടികൾ അൽഖസ്റ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."