ജില്ലാ പഞ്ചായത്തുകളില്‍ അമ്പതോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു
ഒലവക്കോട് : ജില്ലയിലെ പഞ്ചായത്തുകളില്‍ സെക്രട്ടറിയുടേതടക്കം നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. പഞ്ചായത്ത് സെക്രട്ടറി മുതല്‍ എല്‍.ഡി.സി.വരെയുള്ള തസ്തികകളിലായി 47 ഒഴിവുകളാണ് ജില്ലയിലുള്ളത്. 20 പഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞു കിടക്കയാണിപ്പോള്‍. 10 അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ഒഴിവും ഉണ്ട്. ജൂനിയര്‍ സൂപ്രണ്ട്-3, യു.ഡി.ക്ലാര്‍ക്ക്-4, എല്‍.ഡി.ക്ലാര്‍ക്ക്-10 എന്നിങ്ങനെയാണ് ഒഴിഞ്ഞുകിടക്കുന്ന മറ്റ് തസ്തികകളുടെ എണ്ണം. ഇതില്‍ 10 എല്‍.ഡി.സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ ചുമതല അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്ക് കൈമാറിയിരിക്കയാണ്. വിരമിച്ചുപോയവരുടെയും സ്ഥലംമാറ്റംകിട്ടി പോയവരുടെയും ഒഴിവാണ് ഇപ്പോഴുള്ളത്. സ്ഥാനക്കയറ്റത്തിനുള്ള നടപടി നടക്കാത്തതാണ് ഇപ്പോള്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിന് കാരണം. സീനിയോറിറ്റി സംബന്ധിച്ച് ഇപ്പോള്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഡിസംബറോടെ ഈ കേസ് കോടതി പരിഗണിച്ചേക്കും. എന്നാല്‍, പഞ്ചായത്തുകളിലെ അടിയന്തര ആവശ്യങ്ങളും ജോലിഭാരവും മറ്റും പരിഗണിച്ച് കോടതിവിധിക്ക് ബാധകമാകുന്ന രീതിയില്‍ താത്കാലിക സംവിധാനമെന്നോണം പ്രൊമോഷന്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഇതിനായുള്ള നീക്കം ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്തെല്ലായിടത്തും നിരവധി പഞ്ചായത്തില്‍ ഇത്തരത്തില്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
സെക്രട്ടറിയുടെ ചുമതല അസി.സെക്രട്ടറിക്ക് വഹിക്കേണ്ടിവരുമ്പോഴും മറ്റ് തസ്തികകളിലെ ഒഴിവുകള്‍ കാരണം ജോലി വീതിച്ചെടുക്കേണ്ടി വരുമ്പോഴും ജോലിഭാരം വര്‍ധിക്കുമെന്ന് മാത്രമല്ല, പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും ചെയ്യും. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തുകളില്‍ ദിവസേനയെത്തുന്നവര്‍ക്കാണ് ഇതു കാരണം ബുദ്ധിമുട്ട്. ജില്ലയില്‍ അഗളി, ആനക്കര, കൊടുവായൂര്‍, നെല്ലായ, കപ്പൂര്‍, കരിമ്പ, കിഴക്കഞ്ചേരി, നാഗലശ്ശേരി, പട്ടിത്തറ, തൃത്താല, തൃക്കടീരി, വല്ലപ്പുഴ, വാണിയംകുളം, തരൂര്‍, തിരുമിറ്റക്കോട്, പുതുപ്പരിയാരം, തച്ചമ്പാറ എന്നീ പഞ്ചായത്തുകളിലെല്ലാം സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞു കിടക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."