പൗരത്വ ഭേദഗതി ബില്‍: അസമില്‍ ബി.ജെ.പിക്കെതിരേ പ്രതിഷേധം ശക്തം
ഗുവാഹത്തി: തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മുസ്‌ലിം വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുകയെന്ന അജന്‍ഡയുമായി കേന്ദ്രം കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി ബില്‍ അസമില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിവയ്ക്കുന്നു.
കേന്ദ്രത്തിനും അസം സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും സംഘടിച്ചതോടെ വലിയ പ്രതിസന്ധിയാണ് ബി.ജെ.പി നേരിടുന്നത്. പൗരത്വ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ അസമിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയായ അസം ഗണ പരിഷത്ത് (എ.ജി.പി) പിന്‍വലിച്ചിരുന്നു.
ഇതോടെ രാഷ്ട്രീയ അനിശ്ചിതത്വമാണ് അസമില്‍ ഉണ്ടായിരിക്കുന്നത്. അതിനിടയില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യത്തിന് കളമൊരുങ്ങുന്നുമുണ്ട്.ബില്ലിനെതിരേ വലിയ പ്രതിഷേധമാണ് അസമില്‍ ഉയരുന്നതെന്ന് തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസും ചില തന്ത്രപ്രധാനമായ നീക്കങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാരിന് രാജിവയ്‌ക്കേണ്ടി വരികയാണെങ്കില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ സഹായിക്കാമെന്നും എന്നാല്‍ തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അധികാരം നഷ്ടമായ കോണ്‍ഗ്രസ്, കൃത്യമായ അവസരം മുതലാക്കുന്ന നടപടിക്കാണ് നേതൃത്വം നല്‍കുന്നത്. അധികാരത്തില്‍ നിന്ന് താഴെ വീണാല്‍ ഇഷ്ടക്കാരായ അനുയായികളെ കൂട്ടി വന്നാല്‍ പിന്തുണക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.
അതേസമയം, ഈ വാഗ്ദാനത്തില്‍ പുതുമയില്ലെന്നും നേരത്തെ തങ്ങള്‍ മുന്നോട്ടുവച്ച കാര്യമാണിതെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ ദേബ്‌രഥാ സൈകിയ പറഞ്ഞു. അസമിലെ ജനങ്ങള്‍ക്ക് ദോഷമാകുന്ന ഏതുതരത്തിലുള്ള കാര്യങ്ങളുണ്ടായാലും അതിനെ അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി സോനോവാളും അദ്ദേഹത്തിന്റെ അനുയായികളായ എം.എല്‍.എമാരും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളും ദേശീയ പൗരത്വ ബില്ലിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനുയായികളേയും കൂട്ടി ബി.ജെ.പിയില്‍നിന്ന് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി സോനോവാള്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാജിവച്ച് പുറത്തുവന്നാല്‍ മുഖ്യമന്ത്രിക്ക് പുറത്തുനിന്നോ അകത്തുനിന്നോ പിന്തുണ നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 14 ലോക്‌സഭാ സീറ്റുകളാണുള്ളത്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ നേട്ടം ഉണ്ടാക്കാമെന്ന ബി.ജെ.പിയുടെ നീക്കത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
നിലവില്‍ 126 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 62 അംഗങ്ങളുണ്ട്. സഖ്യകക്ഷികളായ ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന് 12ഉം അസം ഗണ പരിഷത്തിന് 14ഉം അംഗങ്ങടക്കം 88 പേരുടെ ശക്തിയുണ്ട്. കോണ്‍ഗ്രസിന് 24ഉം അഖിലേന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് 13ഉം അംഗങ്ങളുണ്ട്.
അതേസമയം, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സോനോവാള്‍ മറുകണ്ടം ചാടിയേക്കുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് സൈകിയയുടെത് സാങ്കല്‍പ്പികമാണെന്ന് ബി.ജെ.പി അസം സംസ്ഥാന പ്രസിഡന്റ് രന്‍ജിത് ദാസ് പറഞ്ഞു. ദേശീയ പൗരത്വ ബില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് മെച്ചമുണ്ടാക്കുന്നതാണ്. അധികാരത്തില്‍ നില്‍ക്കണമെന്ന അത്യാഗ്രഹമുള്ള നേതാവല്ല മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."