ട്രെയിന്‍ തടയല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടി തുടങ്ങി
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ മാത്രം 30 കേസുകളെടുത്തതായി റെയില്‍വേ സംരക്ഷണ സേന അറിയിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, സംയുക്ത സമരസമിതി കണ്‍വീനറും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ വി. ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞവരെയെല്ലാം അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കും. രണ്ടുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തടവുശിക്ഷ ലഭിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്ക് അടക്കമുള്ള നടപടികളുമുണ്ടാകും.
പാലക്കാട് ഡിവിഷനില്‍ ട്രെയിന്‍ തടയലുമായി ബന്ധപ്പെട്ട് 36 കേസെടുത്തിട്ടുണ്ട്. സര്‍വിസ് മുടക്കം, യാത്രക്കാര്‍ക്കുണ്ടായ നഷ്ടം, റെയില്‍വേ സാമഗ്രികള്‍ നശിപ്പിച്ചത് എന്നിങ്ങനെയുള്ള മൊത്തം സാമ്പത്തിക നഷ്ടം കണക്കാക്കി തുക ഈടാക്കാനും നടപടി തുടങ്ങി. റെയില്‍വേ സംരക്ഷണ സേന രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളായവരില്‍ നിന്നാണ് തുക ഈടാക്കുക. ആദ്യമായാണ് റെയില്‍വേക്കുണ്ടായ സാമ്പത്തിക നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കാനൊരുങ്ങുന്നത്. നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് നല്കാന് കൊമേഴ്സ്യല്‍ വിഭാഗത്തിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്.പി.എഫ് പകര്‍ത്തിയ വിഡിയോയിലുള്ള എല്ലാവരെയും പ്രതിചേര്‍ക്കും. കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിനുശേഷമായിരിക്കും നഷ്ടപരിഹാരം ഈടാക്കുന്നതിനായി പ്രത്യേക ഹരജി ഫയല്‍ ചെയ്യുക.
കേരളത്തില്‍ മുന്‍പുണ്ടായ ട്രെയിന്‍ തടയലുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട കേസില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."