കുഞ്ഞാലിമരക്കാര്‍; വിസ്മൃതിയിലൊളിപ്പിച്ചിട്ടും തെളിഞ്ഞു വരുന്ന ചരിത്രം
#അഷറഫ് ചേരാപുരം
കോഴിക്കോട്: വൈദേശിക ചരിത്രകാരന്‍മാരും ഭരണാധികാരികളുമെല്ലാം ഇരുട്ടിലൊളിപ്പിക്കാന്‍ ശ്രമിച്ചിട്ടും കുഞ്ഞാലിമരക്കാരുടെ വീരചരിത്രം തെളിഞ്ഞു നില്‍ക്കുന്നു. വൈദേശികാധിപത്യത്തില്‍ ക്രൂരതയുടെ പര്യായമായ പറങ്കികളെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ച മരക്കാര്‍മാരിലെ അവസാന കണ്ണി മുഹമ്മദലി കുഞ്ഞാലിയുടെ 419ാം ജന്‍മദിനാഘോഷം ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ നടക്കുകയാണിപ്പോള്‍. കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്‌ലിം നായകരായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാര്‍മാര്‍. ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് ഇവരായിരുന്നു. സാമൂതിരി രാജാവായിരുന്നു ഇവര്‍ക്ക് മരക്കാര്‍ എന്ന സ്ഥാനപ്പേര്‍ നല്‍കിയിരുന്നത് . ഇത് വള്ളം എന്നര്‍ഥമുള്ള മരക്കാളം എന്ന മലയാളം വാക്കില്‍നിന്ന് ഉല്‍ഭവിച്ചതാവാമെന്നാണ് പറയപ്പെടുന്നത്.
നാലു കുഞ്ഞാലിമാരാണ് പ്രധാനികളായി അറിയപ്പെടുന്നത്. മുഹമ്മദ് കുഞ്ഞാലി മരക്കാര്‍ (കുട്ടി ആലി), കുഞ്ഞാലി മരക്കാര്‍ രണ്ടാമന്‍, പട്ടു കുഞ്ഞാലി (പടമരക്കാര്‍), മുഹമ്മദാലി കുഞ്ഞാലി ( നാലാം മരക്കാര്‍). കൊച്ചിയിലെ ഒരു വ്യപാര പ്രമുഖനും കുട്ട്യാലി മരക്കാരുടെ പുത്രനും ആയ മുഹമ്മദ് ആണ് ആദ്യത്തെ കുഞ്ഞാലി മരയ്ക്കാര്‍. പറങ്കികളുടെ ശല്യം സഹിക്കാതായപ്പോള്‍ അദ്ദേഹം ഒരു പറ്റം നാട്ടുകാരുമായി സാമൂതിരിയെ മുഖം കാണിച്ചുവെന്നും പോര്‍ച്ചുഗീസുകാര്‍ക്കെതിരേ യുദ്ധം ചെയ്യാന്‍ തയാറാണെന്നറിയിക്കുകയുമായിരുന്നു.സന്തുഷ്ടനായ സാമൂതിരി കുഞ്ഞാലി മരക്കാരെ നാവിക സേനയുടെ തലവനാക്കി.
കോഴിക്കോട് വടകര പുതുപ്പണത്ത് ഒരു കോട്ട കെട്ടാന്‍ സാമൂതിരി അനുവാദവും നല്‍കി. കുഞ്ഞാലിമരക്കാരെ തങ്ങളുടെ സൈനിക നീക്കത്തിലൂടെ തോല്‍പ്പിക്കാനാവില്ലെന്ന് മനസിലാക്കിയ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയെയും കുഞ്ഞാലിയെയും തമ്മില്‍ തെറ്റിച്ച് കൊള്ള നടത്താനിറങ്ങുകയായിരുന്നു. പോര്‍ച്ചുഗീസുകാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ കുഞ്ഞാലിമരക്കാര്‍ അവരുടെ ചതിയില്‍ കുടുങ്ങിപ്പോകരുതെന്ന് സാമൂതിരിയോട് അപേക്ഷിച്ചിരുന്നു. എങ്കിലും അത് സാമൂതിരി കേട്ടില്ല. 1600 മാര്‍ച്ച് ഏഴിന് പോര്‍ച്ചുഗീസുകാര്‍ക്കൊപ്പം കോട്ട ആക്രമിച്ച് കുഞ്ഞാലിയെ തടവിലാക്കി. വിചാരണയെന്ന പ്രഹസനത്തിനുശേഷം മരയ്ക്കാരെയും കൂട്ടരെയും ശിരച്ഛേദംചെയ്യുകയായിരുന്നു. ധീരനായ കുഞ്ഞാലിമരക്കാര്‍ ഉപയോഗിച്ചിരുന്ന വാള്‍ ഇന്നും കോട്ടക്കല്‍ ജുമുഅത്ത് പള്ളിയിലുണ്ട്. കുഞ്ഞാലിമരക്കാര്‍മാരുടെ സ്മരണ നിലനിര്‍ത്താന്‍ നാമമാത്രമായ ചില പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന് ഉചിതമായ നിലയില്‍ സ്മാരകങ്ങളും മ്യൂസിയവും ഉയരണമെന്നാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുഞ്ഞാലിമരക്കാര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഗ്രഹം. മരക്കാരുടെ 419ാം ജന്മദിന പരിപാടികള്‍ക്കൊപ്പം ബൃഹത്തായ ഒരു പദ്ധതിക്ക് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."