മദ്‌റസ അധ്യാപകനെ ആക്രമിച്ച പ്രധാന പ്രതികളെ ഉടന്‍ പിടികൂടണം: സമസ്ത
കോഴിക്കോട്: ഉപ്പള ബായാര്‍ സ്വദേശിയും വിട്ട്‌ലപെര്‍വായി മദ്‌റസാ അധ്യാപകനുമായ അബ്ദുല്‍കരീം മുസ്‌ലിയാരെ ആക്രമിച്ച പ്രധാന പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താല്‍ ദിനത്തിലാണ് ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കരീം മുസ്‌ലിയാരെ അതിക്രൂരമായി മര്‍ദിച്ചതും സ്ഥലത്തെ മഖാമിനുനേരെ ആക്രമണം നടത്തിയതും.
മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ കരീം മുസ്‌ലിയാര്‍ അപകടനില തരണം ചെയ്തിട്ടില്ല. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രധാന പ്രതികളെ ഇതുവരെ പിടികൂടാത്തത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്ചയാണ്. കുറ്റവാളികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
ശരീഅത്ത് ആക്ട് ബാധകമാകുന്നതിന് തഹസില്‍ദാറില്‍നിന്ന് ഡിക്ലറേഷന്‍ വാങ്ങിയിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കുക, കേരള വഖ്ഫ് ട്രൈബ്യൂണല്‍ നിയമനം സംബന്ധിച്ച് സമസ്തക്ക് നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി പാലിക്കുക, പിന്നാക്ക ന്യൂനപക്ഷ സമുദായ സംവരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും സമസ്ത മുന്നോട്ട്‌വച്ചു.
വൈസ് പ്രസിഡന്റ് കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, എം.എം മുഹ്‌യിദ്ദീന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, വി. മോയിമോന്‍ ഹാജി. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.പി.എം ശരീഫ് ഗുരുക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുസമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."