പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയും പരിഗണനയില്‍
#ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇടുക്കി രണ്ടാം വൈദ്യുതി നിലയത്തില്‍ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയും പരിഗണനയില്‍. വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം വീണ്ടും പമ്പ്‌ചെയ്ത് റിസര്‍വോയറില്‍ എത്തിക്കുന്ന പദ്ധതിയാണിത്. കെ.എസ്.ഇ.ബി ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍.റെജുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പഠനം നടത്തി ഇതുസംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നത്.
റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം വൈദ്യുതി ബോര്‍ഡിന് സമര്‍പ്പിക്കും. രണ്ടാം വൈദ്യുതി നിലയം സംബന്ധിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. പമ്പ്ഡ് സ്റ്റോറേജ് പദ്ധതി റിപ്പോര്‍ട്ട്കൂടി ലഭിച്ചശേഷം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടാനാണ് കെ.എസ്.ഇ.ബി തീരുമാനം.
ഇടുക്കിയില്‍ രണ്ടാമതൊരു വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് അനുകൂല സാഹചര്യമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 200 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളുടേതാണ് പദ്ധതി. മീനച്ചില്‍, കാളിയാര്‍, നാളിയാനി, അറക്കുളം പ്രദേശങ്ങളാണ് പവര്‍ ഹൗസിനുള്ള സാധ്യതാ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ജി.പി.എസ്, എലിവേഷന്‍ സര്‍വേ അടക്കം ഉള്‍പ്പെടുത്തിയാണ് അതിവേഗ പഠനം നടത്തിയത്. അറക്കുളത്തിനും കാഞ്ഞാറിനും ഇടയില്‍ പവര്‍ ഹൗസ് സ്ഥാപിക്കലാണ് കൂടുതല്‍ അനുയോജ്യമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള മൂലമറ്റം പവര്‍ ഹൗസില്‍നിന്ന് 500 മീറ്റര്‍ മാറി 800 മെഗാവാട്ടിന്റെ പുതിയ പവര്‍ ഹൗസ് സ്ഥാപിക്കുന്നതിനാണ് മുന്തിയ പരിഗണന.
പദ്ധതിക്കായി ചെറിയ അളവില്‍ മാത്രമേ വനഭൂമി ഏറ്റെടുക്കേണ്ടി വരുന്നുള്ളൂ. ഒന്നര ഹെക്ടര്‍ വനഭൂമി മതിയെന്നതിനാല്‍ വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ ബംഗളൂരു റീജ്യനല്‍ ഓഫിസില്‍നിന്നുള്ള അനുമതി മതിയാകും. സ്വകാര്യ - റവന്യൂ ഭൂമികളും ഏറ്റെടുക്കേണ്ടതുണ്ട്. ഇത് താരതമ്യേന എളുപ്പമാണ്. ടെയ്ല്‍ റേസിനായി (ഉല്‍പാദനശേഷം വെള്ളം പുറത്തേക്ക് ഒഴുക്കുന്ന വഴി) ഏഴുകിലോമീറ്റര്‍ ടണല്‍ നിര്‍മിക്കേണ്ടി വരും. കാഞ്ഞാര്‍ ഭാഗത്ത് പുഴയ്ക്ക് വീതികുറവായതിനാലാണ് ഇത്രയും നീളത്തില്‍ ടണല്‍ തീര്‍ക്കേണ്ടി വരുന്നത്. നിലവിലുള്ള നിലയത്തിലെപ്പോലെ ഉല്‍പാദനത്തിന് ശേഷം വെള്ളം മലങ്കര അണക്കെട്ട് വഴി മൂവാറ്റുപുഴയാറ്റിലേക്ക് ഒഴുക്കുകയും ചെയ്യാം. പാറ പൊട്ടിക്കുമ്പോള്‍ അത് നിലവിലുള്ള പവര്‍ ഹൗസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നതടക്കം പഠന വിധേയമാക്കേണ്ടതുണ്ട്.
എക്‌സി. എന്‍ജിനീയര്‍മാരായ ഷാജി കെ. മാത്യു (ഇലക്ട്രിക്കല്‍), കൃഷ്ണപ്രസാദ് (സിവില്‍), അസി. എക്‌സി. എന്‍ജിനീയര്‍ സാജു ജോണ്‍ (ഇലക്ട്രിക്കല്‍) എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്. പദ്ധതിക്ക് 2,500 കോടി രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പുതിയ പഠന റിപ്പോര്‍ട്ട്കൂടി ലഭിച്ചശേഷം സര്‍ക്കാരിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."