കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനം.
രാജ്യത്തെ മൂന്നാമത്തെ കൊറോണ ബാധ കാസര്‍കോട് ജില്ലയില്‍ കണ്ടെത്തിയതോടെയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയിലാണ് രോഗബാധ കണ്ടെത്തിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്കു വകയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രോഗബാധ കണ്ടെത്തിയ വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട മറ്റ് അഞ്ചു പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മെഡിക്കല്‍ വിദ്യാര്‍ഥിയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നു പേരും സഹപാഠികളാണെന്നാണു വിവരം. ഇവര്‍ ഒരുമിച്ചാണ് ചൈനയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയത്. സംസ്ഥാനത്തെയും രാജ്യത്തെയും മൂന്നാമത്തെ കൊറോണ ബാധ കേസാണിത്. കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ 80 പേര്‍ കൂടി സൂക്ഷ്മ നീരീക്ഷണത്തിലാണ്.
മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട്ടെ ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി എന്നിവയ്ക്കു പുറമെ കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലും അധികൃതര്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിക്കു കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. ചൈനയില്‍ നിന്നെത്തിയ യുവാവിന്റെ സാംപിള്‍ ആരോഗ്യ വകുപ്പ് ശഖരിച്ച് പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഈ രോഗിയുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകള്‍ ജില്ലയിലുണ്ടോ എന്ന പരിശോധനയും അധികൃതര്‍ നടത്തുന്നുണ്ട്.
കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്: മന്ത്രി
സംസ്ഥാനത്ത് ഇനിയും കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് മന്ത്രി കെ.കെ ശൈലജ. നിലവില്‍ മൂന്നുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ടെസ്റ്റ് ചെയ്യാന്‍ അയച്ചിട്ടുള്ള സാമ്പിളുകളുടെ റിസള്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
രോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടന്‍ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ എടുത്തു. സംസ്ഥാനതല ദ്രുതകര്‍മസേന യോഗം ചേര്‍ന്ന് രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, ചികിത്സാ മാര്‍ഗരേഖ, പരിശീലനത്തിനുള്ള മാര്‍ഗരേഖകള്‍, അവബോധ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖകള്‍ എന്നിവ തയാറാക്കി ജില്ലകള്‍ക്ക് നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി വിഭാഗവുമായി ബന്ധപ്പെട്ടു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദിവസവും യോഗം കൂടിയാണ് ഓരോ ദിവസത്തേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പ്രധാന യോഗങ്ങളില്‍ ആരോഗ്യ വകുപ്പു മന്ത്രിയും പങ്കെടുക്കുന്നുണ്ട്.
നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്. ടിവി, റേഡിയോ, പത്രങ്ങള്‍, സോഷ്യല്‍ മീഡിയ, സിനിമാ തിയറ്റര്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലൂടെ പരസ്യം, ലഘു വീഡിയോകള്‍ എന്നിവ വഴി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും കൊറോണ വൈറസ് ഒ.പിയും ഐസൊലേഷന്‍ വാര്‍ഡുകളും തയാറാക്കി. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."