യുവാവിനെ മദ്യപാനസംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തി
ചാത്തന്നൂര്‍(കൊല്ലം): മദ്യപാനം ചോദ്യം ചെയ്തതിന് മദ്യപാന സംഘം യുവാവിനെ പിതാവിന്റെ മുന്നില്‍ വച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. ഇടനാട് മരുതിക്കോട് കോളനിയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ശശിയുടെയും സുശീലയുടെയും മകന് ശ്യാം(21) ആണ് കൊല്ലപ്പെട്ടത്.
മദ്യപിക്കുന്നതിന് വേണ്ടി വെള്ളമെടുക്കുന്നതിന് പൊതുകിണറില് ഇറങ്ങിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരുതിക്കോട് ചരുവിള പുത്തന്‍വീട്ടില്‍ ബൈജു(24), മരുതിക്കോട് അനിത ഭവനില്‍ അജിത് (24), ഇടനാട് മരുതിക്കോട് വിളയില്‍ വീട്ടില്‍ രഞ്ജു(24), മരുതിക്കോട് ചരുവിള പുത്തന്‍വീട്ടില്‍ വിജേഷ്(24) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ മൂന്ന് പേര് ഒളിവിലാണ്. കൊട്ടാരക്കര സ്വദേശികളായ രണ്ടുപേരും ഓയൂര്‍ ചെങ്ങുളം സ്വദേശിയുമാണ് ഒളിവിലുള്ളത്. ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: പ്രതികളില്‍ ഒരാള്‍ മദ്യപിക്കുന്നതിന് വേണ്ടി റോഡരികിലുള്ള പൊതുകിണറിന്റെ മൂടി മാറ്റി കുപ്പിയുമായി കിണറ്റില്‍ ഇറങ്ങി വെള്ളം എടുക്കുന്നത് ശ്യാമിന്റെ പിതാവ് ശശി ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് തിരിച്ചു പോയ സംഘം മദ്യപിച്ചു മാരകായുധങ്ങളുമായി എത്തി, ജോലി കഴിഞ്ഞുവന്ന് ആഹാരം കഴിക്കുകയായിരുന്ന ശ്യാമിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കുകയും പിതാവിന്റെ ഒപ്പം ഇറങ്ങിവന്ന ശ്യാമിനെ പ്രതികള്‍ കമ്പിപാര കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
തലയ്ക്ക് അടിയേറ്റു വീണ ശ്യാമിനെ ഓടികൂടിയ നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടിലെത്തിച്ചു സംസ്കരിച്ചു. ശാലിനി സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."