ചേച്ചിയുടെ സിന്ദൂരവും അച്ചന്റെ കൂനമ്മാവും
1799 കാലത്തെ ടിപ്പു സുല്‍ത്താനെ 500 വര്‍ഷം മുമ്പേക്ക് കൊണ്ടുപോയാണ് സിറോ മലബാര്‍ സഭയിലെ ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ പുതിയ കോമഡി അവതരിപ്പിച്ചിരിക്കുന്നത്. ചാനല്‍ കോമഡിക്ക് എരിവും പുളിവും നല്‍കി കെട്ടുകഥകള്‍ ഉണ്ടാക്കുന്ന ലാഘവത്തോടെ ഒരു ചരിത്ര പുരുഷനെതിരേ ഐതിഹ്യവും ചാത്തന്‍ കഥകളും ഫാദര്‍ നിരത്തിവെച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് സിന്ദൂരവുമായി ഒരു മുടിയഴിച്ചാട്ടം കേരളം കണ്ടത്. വിവാഹിതയായ സ്ത്രീയുടെ സുരക്ഷിത അടയാളമായി കണ്ടിരുന്ന സിന്ദൂരത്തെ, ഹൈന്ദവ വിശ്വാസത്തില്‍ നിന്നും നാട്ടുനടപ്പില്‍ നിന്നും ചോര്‍ത്തിയെടുത്ത് ഫാസിസത്തിന്റെ സ്ത്രീലിംഗ കൊടിയടയാളമായി മാറ്റപ്പെടുന്നിടത്ത് ചുടല യക്ഷിയുടെ മുടിയഴിച്ചാട്ടം അതിന്റെ പാരമ്യതയിലെത്തുകയാണ്. എറണാകുളം കലൂരില്‍ പാവക്കുളം ക്ഷേത്ര ഹാളില്‍ സംഘ്പരിവാര്‍ സംഘടനയായ ജനജാഗരണ സമിതി നടത്തിയ യോഗത്തില്‍ ബി.ജെ.പി വ്യവസായ സെല്‍ സംസ്ഥാന സഹ കണ്‍വീനര്‍ സി.വി സജനിയുടെ വാക്കുകളോട് സംശയ നിവാരണം നടത്തിയ ആതിരയെ അവിടെയുണ്ടായിരുന്നവര്‍ ആക്രോശിച്ച് വിരട്ടി വിട്ടു. സി.എസ് ചന്ദ്രിക എഴുതിയത് പോലെ 'ക്ഷേത്രപരിസരങ്ങളില്‍ വെറുപ്പിന്റെ പാത്രത്തില്‍ പാകമാക്കിയെടുക്കുന്ന ഹിംസയുടെ പായസം നിവേദിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ മുമ്പിലേക്ക് ഒറ്റക്ക് കയറിച്ചെന്ന് എന്തൊക്കെയാണ് നിങ്ങള്‍ ചെയ്യുന്നത് എന്ന് ആവലാതിയോടെ, സംയമനത്തോടെ, ഗൗരവത്തോടെ ചോദിക്കുകയായിരുന്നു ആതിര'. സംശയ നിവാരണം തേടിയ സദസ്സിലെ ഒരംഗത്തോട് അതിന് വ്യക്തമായ മറുപടി പറയാതെ ഫാസിസത്തിന്റെ സ്ത്രീരൂപം പ്രകടിപ്പിച്ചത് ഉത്തരവാദിത്വപ്പെട്ട സംഘടനാ നേതാക്കളായിരുന്നു. ആതിരയെ അടിച്ചു പുറത്താക്കിയ ശേഷം ആക്രോശിച്ചത് 'ഞാനും എന്റെ മക്കളും സിന്ദൂരമിടുന്നത് എന്റെ പെണ്‍മക്കളെ കാക്കമാര്‍ കൊത്തിക്കൊണ്ട് പോവാതിരിക്കാനാണ്' എന്നാണ്. കണ്ണേറ് തട്ടാതിരിക്കാന്‍ കുടം കമഴ്ത്തി 'കരിങ്കണ്ണാ നോക്ക് ' എന്നെഴുതി പുതുതായി നിര്‍മിച്ച വീടിന് മുമ്പില്‍ വെക്കുന്ന പരുവത്തിലാണ് കാക്കമാര്‍ കൊത്താതിരിക്കാന്‍ സിന്ദൂരം തൊട്ട് വെച്ചത്.
ഇവിടെയാണ് സിന്ദൂരംതൊട്ട ചേച്ചിയും കൂനമ്മാവ് പറഞ്ഞ അച്ചനും ചരിത്രം പഠിക്കേണ്ടത്. നൂറ്റാണ്ടുകള്‍ക്ക് അപ്പുറം ഈഴവ ഹിന്ദുവിന്റെ മാനം ആര്യ ബ്രാഹ്മണ്യം കവര്‍ന്നെടുത്ത കാലം കഴിഞ്ഞ് പോയിട്ടുണ്ട്. അന്ന് ഈ കാക്കമാരാണ് ഈഴവ സ്ത്രീകളെ സവര്‍ണ കഴുകന്മാരില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തിയത്. ഈഴവരും മറ്റു താഴ്ന്ന ജാതിക്കാരുമായ സ്ത്രീകള്‍ക്ക് സിന്ദൂരം തൊടുന്നത് പോയിട്ട് മാറ് മറക്കാന്‍ പോലും അവകാശം ഇല്ലാതിരുന്നു. മാറുമറച്ചാല്‍ 'മുലക്കരം' ഈടാക്കുന്ന നാട്ടുരാജാക്കന്മാരും രാജഭരണങ്ങളും നടത്തിയിരുന്ന കാലത്താണ് മുലക്കരം കൊടുക്കാതെ നങ്ങേലി പ്രതിഷേധിച്ചത്. മുലക്കരം കൊടുക്കാന്‍ വിസമ്മതിച്ച നങ്ങേലിയെ അന്വേഷിച്ച് രാജഭരണത്തിന്‍ കീഴിലെ അധികാരി പാര്‍വത്യാര്‍ വീട്ടിലെത്തിയപ്പോള്‍ നങ്ങേലി പതറാതെ പൂമുഖത്ത് നിലവിളക്ക് കത്തിച്ച് നാക്കിലയുമിട്ട് അടുക്കളയിലേക്ക് പോയി. തിരിച്ച് വന്ന് നിവര്‍ത്തി വെച്ച വാഴയിലയില്‍ തന്റെ മുല രണ്ടും അരിഞ്ഞ് വെച്ച് രക്തത്തില്‍ കുളിച്ച് മറിഞ്ഞ് വീണുമരിച്ചു.
മനം നൊന്ത് ഭര്‍ത്താവ് കണ്ടപ്പന്‍ (ചിരുകണ്ടന്‍ ) നങ്ങേലിയുടെ ചിതയില്‍ ചാടി മരിച്ചു. പിന്നീട് ആ നാടാണ് മുലച്ചിപ്പറമ്പ് എന്നറിയപ്പെട്ടത്. നങ്ങേലിയുടെ കഥയും മുലച്ചിപ്പറമ്പിനെ കുറിച്ചും വേലായുധന്‍ പണിക്കശ്ശേരി വിവരിച്ചിട്ടുണ്ട്. സി. കേശവന്റെ ആത്മകഥയായ 'ജീവിതസമര'ത്തിലും മുലച്ചിപ്പറമ്പിന് അടുത്ത് പട്ടണക്കാട്ട് ജനിച്ച കെ.ആര്‍ ഗൗരിയമ്മ തന്റെ ആത്മകഥയിലും ഇതേ കുറിച്ച് വിവരിച്ചിട്ടുണ്ട്. 1803ല്‍ സേതു പാര്‍വ്വതീഭായി എന്ന തമ്പുരാട്ടി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്താണിത്. എന്നാല്‍ സവര്‍ണ മേധാവിത്വം ചരിത്രത്തെ തേച്ചുമായ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഉണ്ണിയാര്‍ച്ചയെ ചരിത്രത്തിലെ ധീരവനിതയായി കാണുന്ന സവര്‍ണര്‍ നങ്ങേലിയെ ചരിത്രത്തില്‍ തെരയുന്നത് കണ്ണ് കെട്ടിയാണ്.
ജാതീയത കൊടികുത്തി വാഴുന്ന കാലത്തെ സംബന്ധിച്ച് സി. അച്യുതമേനോന്‍ എഴുതി: 'ശൂദ്ര സ്ത്രീകള്‍ പാതിവ്രത്യം ആചരിക്കേണ്ടതില്ലെന്നും നമ്പൂതിരിമാരുടെ ആഗ്രഹാഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ സ്വയം സമര്‍പ്പിക്കേണ്ടതാണെന്നുമാണ്, മലയാളികള്‍ക്ക് ആചാര സംഹിത സമ്മാനിച്ച പരശുരാമന്‍ കല്‍പിച്ചിരുന്നതെന്നുമാണ് ഇവ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണന്‍മാര്‍ നിര്‍ദേശിക്കുന്നത്'. ( കൊച്ചിന്‍ സ്റ്റേറ്റ് മാനുവല്‍, പേജ്: 193)
എ.കെ അനന്തകൃഷ്ണന്‍ കൊച്ചിയിലെ 'ജാതികളും ഗോത്രങ്ങളും എന്ന ഗ്രന്ഥത്തില്‍ എഴുതി: 'മത നിയമങ്ങളുടെ ആധികാരിക വക്താക്കളായ നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകള്‍ പതിവ്രതകളായിരിക്കേണ്ട ആവശ്യമേയില്ല എന്നു സ്ഥാപിക്കാന്‍ ശ്ലോകങ്ങള്‍ ഉദ്ധരിക്കുക സാധാരണയാണ്' (പേജ്: 85).കെ.പി പത്മനാഭ മേനോന്‍ എഴുതി: 'വിദേശത്ത് പോകാന്‍ തരപ്പെട്ട ഒരു ഈഴവ സ്ത്രീ മടങ്ങി വന്നപ്പോള്‍ നാട്ടാചാരത്തിന് വിപരീതമായി മാറുമറക്കുന്ന വസ്ത്ര രീതി അവലംബിച്ചു. ആറ്റിങ്ങലെ മഹാറാണി അവളെ വിളിച്ചു വരുത്തി അവളുടെ മാറ് മുറിച്ചുകളയുകയാണുണ്ടായത് '(കേരള ചരിത്രം വാള്യം: 3, പേ: 192).
ടി. മുഹമ്മദ് 'മാപ്പിള സമുദായം: ചരിത്രം സംസ്‌കാരം' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു: 'കൂടാതെ കേരളത്തില്‍ സംബന്ധം എന്ന പേരില്‍ അസംബന്ധമായ ഒരു വിചിത്രാചാരവും നടമാടിയിരുന്നു. ഇതുവഴി നമ്പൂതിരിമാരടങ്ങുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്ക് താഴ്ന്ന ജാതിക്കാരെ യഥേഷ്ടം ഭോഗിക്കാനുള്ള അവസരം ലഭിച്ചിരുന്നു' (പേ: 132).
ടി. മുഹമ്മദ് തുടര്‍ന്ന് എഴുതുന്നു: 'സ്ത്രീകള്‍ ശരീരത്തിന്റെ മേല്‍ ഭാഗം മറക്കാന്‍ പാടില്ലെന്നും ബ്രാഹ്മണ സ്ത്രീകളല്ലാതെ പാതിവ്രത്യം ദീക്ഷിച്ചു കൂടാ എന്നും ബ്രാഹ്മണര്‍ നടപ്പിലാക്കി'. 'കേരള മാഹാത്മ്യം' എന്ന കൃതിയെ ഉദ്ധരിച്ച് ഇളംകുളം കുഞ്ഞന്‍പിള്ള എഴുതുന്നു: 'നാരിണാം ചതു സര്‍വ്വാസാം സ്തന വസത്രാണി മസ്തിഹ' ( ആരും സ്തന കഞ്ചുകം ധരിക്കാന്‍ പാടില്ല ) എന്നു പറയുന്നുണ്ടെങ്കിലും ബ്രാഹ്മണ ക്ഷത്രിയ വര്‍ഗ്ഗങ്ങളിലെ സ്ത്രീകള്‍ക്ക് പാതിവ്രത്യം ദീക്ഷിക്കാമെന്ന് സമ്മതിക്കുന്നു' (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍: ഇളംകുളം കുഞ്ഞന്‍പിള്ള: പേജ്:146,147)
മേല്‍ പ്രസ്താവിച്ച ആചാര സമ്പ്രദായങ്ങളോട് ടിപ്പു സുല്‍ത്താന് പൊരുത്തപ്പെടാന്‍ സാധിച്ചില്ല .ഒരു ഭരണ കര്‍ത്താവ് എന്ന നിലയില്‍ സ്വന്തം നാട്ടില്‍ നടമാടുന്ന അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അധാര്‍മ്മിക ചെയ്തികളേയും അദ്ദേഹത്തിന് അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ ഈ രംഗത്ത് പരിവര്‍ത്തനമുണ്ടാക്കാന്‍ സുല്‍ത്താന്‍ കച്ചകെട്ടി പുറപ്പെട്ടു. മാറുമറക്കുന്ന വസ്ത്രധാരണ രീതി സ്വീകരിക്കാന്‍ അദ്ദേഹം മലബാറിലെ തന്റെ പ്രജകളോട് കല്‍പ്പിച്ചു. മാറുമറക്കാതെ സ്ത്രീകള്‍ വെളിയില്‍ സഞ്ചരിക്കുന്നത് നിരോധിച്ചു.
സ്ത്രീ, ജാതി വിരുദ്ധ സവര്‍ണ മേല്‍ക്കോയ്മയോട് ശക്തമായ നിലപാട് സ്വീകരിച്ചത് 'കാക്കാ'വര്‍ഗ്ഗത്തില്‍പ്പെട്ട ടിപ്പു സുല്‍ത്താനായിരുന്നു. മാറ് മറക്കാതെ നടക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഈഴവരുടെ മോചനത്തിനും മാറ് മറച്ചുള്ള അന്തസ്സിനും വേണ്ടി ധീരനിലപാടെടുത്തിരുന്ന ടിപ്പു സുല്‍ത്താന്‍ 1785ല്‍ മലബാര്‍ ഗവര്‍ണ്ണര്‍ ശ്രീനിവാസ റാവുവിനയച്ച കത്തില്‍ പറയുന്നു: മലബാറിലെ ചില സ്ത്രീകള്‍ മാറ് മറക്കാതെ നടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വേദന തോന്നി. ആ കാഴ്ച വെറുപ്പും ഹൃദയ ചിന്തക്ക് കോട്ടവും വരുത്തുന്നു. സന്മാര്‍ഗ്ഗ ചിന്തക്ക് തീര്‍ച്ചയായും അതെതിരാണ്. ഈ സ്ത്രീകള്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടവരാണെന്നും അവരുടെ ആചാരമനുസരിച്ച് മാറ് മറക്കാന്‍ പാടില്ല എന്നും നിങ്ങള്‍ എന്നോട് വിശദീകരിച്ചു. ഞാന്‍ അതേപ്പറ്റി ആലോചിക്കുകയായിരുന്നു. വളരെക്കാലത്തെ ആചാരം ആയതു കൊണ്ടാണോ ദാരിദ്ര്യം കൊണ്ടാണോ അവര്‍ അങ്ങനെ ചെയ്യുന്നത്. ദാരിദ്ര്യം കൊണ്ടാണെങ്കില്‍ അവരുടെ സ്ത്രീകള്‍ക്ക് മാന്യമായി വസ്ത്രം ധരിക്കാന്‍ വേണ്ട സാധനങ്ങള്‍ നിങ്ങള്‍ അവര്‍ക്ക് നല്‍കണം. കാലപ്പഴക്കമുള്ള ആചാരമാണെങ്കില്‍ അവരുടെ സമുദായ നേതാക്കളില്‍ പ്രേരണ ചെലുത്തി അതില്ലാതാക്കാന്‍ ശ്രമിക്കണം. അവരുടെ മത ചിന്തക്ക് ഒരു തരത്തിലും കോട്ടം തട്ടാത്ത വിധം സൗഹാര്‍ദ്ദപരമായി ഉപദേശിക്കണം' (കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ്, പ്രബന്ധസമാഹാരം. പേ: 356).
തൃശൂര്‍ ജില്ലയില്‍പ്പെട്ട സ്ഥലമാണ് ചേലക്കര. ആ നാമകരണത്തിന് ഒരു ചരിത്രമുണ്ട്. താഴ്ന്ന ജാതിക്കാരായ സ്ത്രീകളുടെ മാറിടം കണ്ട് ആസ്വദിക്കാന്‍ അവര്‍ക്ക് മാറ് മറക്കല്‍ മേല്‍ജാതി തമ്പ്രാക്കള്‍ നിഷിദ്ധമാക്കിയിരുന്നു. അതിനെതിരേ ആദ്യം ബോധവല്‍ക്കരണവും പിന്നീട് സൗജന്യ പുടവ( ചേല)യും നല്‍കി ടിപ്പു സുല്‍ത്താന്‍ അവരുടെ മാറ് മറപ്പിച്ചു. അങ്ങിനെ ചേലവിതരണം ചെയ്ത ദേശമാണ് പിന്നീട് ചേലക്കര എന്ന് അറിയപ്പെട്ടത്. ടിപ്പുവിനെ സവര്‍ണര്‍ ഹിന്ദു വിരോധിയും ക്രൂരനുമായി ചിത്രീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.
ടിപ്പു മതഭ്രാന്തനാണെന്ന് ആദ്യം ചരിത്രമെഴുതിയത് ബ്രിട്ടിഷുകാരാണ്. ബ്രിട്ടന് ഏറ്റവും വലിയ തലവേദനയായിരുന്നതിനാലാണ് ടിപ്പുവിനെ തെറ്റായി ചിത്രീകരിച്ചത്. ശൃംഗേരി മഠത്തിന് ടിപ്പു ചെയ്തു കൊടുത്ത സേവനവും സഹായവും മഠാധിപതി വാഴ്ത്തിപ്പറയുന്നുണ്ട്. കരാര്‍ പ്രകാരം ബ്രിട്ടന് ടിപ്പു കൊടുക്കാനുള്ള മൂന്ന് കോടി മുപ്പത് ലക്ഷം പകോട കൊടുക്കാനാവാതെ വിഷമിച്ച് പരാജയം സമ്മതിക്കുമെന്ന് ബ്രിട്ടിഷുകാര്‍ കരുതി നില്‍ക്കുമ്പോഴാണ് മൈസൂരിലേയും കേരളത്തിലേയും ഹിന്ദു സ്ത്രീകള്‍ പോലും അവരുടെ മൂക്കുത്തി ഉള്‍പ്പെടെയുള്ളവ പൊട്ടിച്ച് കൊടുത്ത് സഹായിച്ചത്. എന്നാല്‍ ടിപ്പു പലരേയും ആക്രമിച്ചിട്ടുണ്ട്. മലബാറിലെ ബ്രാഹ്മണരും കര്‍ണാടകയിലെ ക്രിസ്ത്യാനികളും ബ്രിട്ടന് അനുകൂലമായപ്പോള്‍ ടിപ്പു അവരെ നേരിട്ടിട്ടുണ്ട്. അതേസമയം അദ്ദേഹം ഹൈദരാബാദിലെ നൈസാമിനേയും നേരിട്ടു. ചുരുക്കത്തില്‍ ആക്രമകാരണം മതമല്ല തികച്ചും രാഷ്ട്രീയമാണ്.
ടിപ്പുവിന്റെ പാലക്കാടന്‍ കോട്ടക്ക് മുമ്പില്‍ കാണുന്ന ക്ഷേത്രവും സൈനിക തലവന്‍ അപ്പറാവു എന്ന അമുസ്‌ലിമും ദിവാനും പ്രധാനമന്ത്രിയുമായ പൂര്‍ണ്ണയ്യയും ആഭ്യന്തര മന്ത്രിയായിരുന്ന ശ്യാമ അയ്യരും എല്ലാം ഈ വാദത്തെ പൊളിച്ചടക്കിയിട്ടുണ്ട്. ടിപ്പുവിന്റെ പൂര്‍ണ്ണ ചരിത്ര നോവല്‍ എഴുതിയ ഭഗവാന്‍ ഗിദ്വാനി (ടിപ്പുവിന്റെ കരവാളില്‍) ടിപ്പുവെന്ന മത സൗഹാര്‍ദ്ദ ഭരണാധികാരിയെ, മനുഷ്യ സ്‌നേഹിയെ കൃത്യമായി അവതരിപ്പിച്ചു തരുന്നുണ്ട്.
ടിപ്പുവിനെ വികൃതമാക്കുന്നവരുടെ കാരണം വ്യക്തമാണ്. മേല്‍ജാതിക്കാരന്റെ കാമക്കൂത്തില്‍ നിന്ന് കീഴ്ജാതി പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ടിപ്പുവെന്ന 'കാക്ക'യുണ്ടായിരുന്നു എന്നതിലെ ഈര്‍ഷ്യത മാത്രമാണ്. ചരിത്രം വായിക്കാതെ ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലും കുരുടന്‍ ആനയെ കണ്ട പോലെ ടിപ്പുവിനെ അവതരിപ്പിക്കുകയാണ്. ഒടുക്കം കുമ്പസാരവും. അവിടെയും വക്രീകരിച്ച ചരിത്രം നിവര്‍ത്തി വെച്ചിട്ടുമില്ല. ഫാദര്‍ നിരത്തിയ കൂനമ്മാവ് ഐതിഹ്യം കടമറ്റത്ത് കത്തനാര്‍ കഥ പോലെ സ്വയം നിര്‍മ്മിച്ചെടുക്കുമ്പോള്‍ ആധുനികതയുടെ തിരസ്‌കരണം അച്ചന്‍ ഓര്‍ത്തിട്ടുണ്ടാവില്ല. തമ്പ്രാക്കള്‍ ഹിന്ദു സ്ത്രീയുടെ മാറ് കൊത്താതിരിക്കാന്‍ കാക്കമാരുണ്ടായിരുന്നു എന്ന് സിന്ദൂര ചേച്ചിമാരും ഓര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."