മൂന്നാറില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും കൊല്ലപ്പെട്ട നിലയില്‍
ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലിനു സമീപം നടുപ്പാറയില്‍ റിസോര്‍ട്ട് ഉടമയെയും ജീവനക്കാരനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദേവികുളം ഗ്യാപ്പ് റോഡിന് സമീപം പ്രവര്‍ത്തിയ്ക്കുന്ന റിഥം ഓഫ് മെന്‍ഡ്‌സ്, കെ.കെ വര്‍ഗീസ് പ്ലാന്റേഷന്‍സ് എന്നിവയുടെ ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കല്‍ ജേക്കബ് വര്‍ഗീസ് (രാജേഷ്-40), ഇയാളുടെ ജീവനക്കാരനായ പെരിയകനാല്‍ ടോപ് ഡിവിഷന്‍ എസ്റ്റേറ്റ് ലെയ്ന്‍സില്‍ താമസിക്കുന്ന മുത്തയ്യ (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏതാനും ദിവസങ്ങളായി സ്ഥാപനത്തില്‍ ഡ്രൈവര്‍ ജോലി ചെയ്തുകൊണ്ടിരുന്ന രാജകുമാരി കുളപ്പാറച്ചാല്‍ ഗോപനെയും റിസോര്‍ട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 5 എ.എച്ച് 6296 ഡസ്റ്റര്‍ കാറും കാണാതായി. ഗ്യാപ്പ് റോഡിനു താഴെഭാഗത്ത് ഒറ്റപ്പെട്ട സ്ഥലത്തെ 40 ഏക്കറോളം വരുന്ന ഏലത്തോട്ടത്തില്‍ കോട്ടേജുകള്‍ ആയാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. മരിച്ച രാജേഷിന്റെ പിതാവ് ഡോ. വര്‍ഗീസ് മൂന്നാറില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ വാങ്ങിയ തോട്ടത്തില്‍ റിസോര്‍ട്ട് സ്ഥാപിച്ചതും, നടത്തുന്നതും രാജേഷായിരുന്നു.
ആറ് ദിവസം മുന്‍പാണ് ഗോപന്‍ ഇവിടെ ജോലിക്ക് എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ രാജേഷിനെയും, മുത്തയ്യയെയും കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മുത്തയ്യയുടെ ബന്ധുക്കളും മറ്റ് ജോലിക്കാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ എസ്റ്റേറ്റിലെ ഏലക്കാ ഡ്രയര്‍ മുറിയില്‍ മുത്തയ്യ തലയ്ക്ക് പരിക്കുകളോടെ മരിച്ചുകിടക്കുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ വിശദമായ തിരച്ചിലില്‍ ഏലച്ചെടികള്‍ക്കിടെ രാജേഷിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ നെഞ്ചില്‍ വെടിയേറ്റതുപോലുള്ള മുറിവും കണ്ടു. ശാന്തന്‍പാറ സി.ഐ എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. കൊലപാതകമാണെന്ന് പ്രാഥമിക നിഗമനത്തെത്തുടര്‍ന്ന് കോട്ടയം ഫോറന്‍സിക് വിഭാഗം മൃതദേഹ പരിശോധന നടത്തി. സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. മൊബൈല്‍ ഫോണും ലഭിച്ചിട്ടില്ല.
മൂന്നാര്‍ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. എസ്.ഐമാരായ ബി .വിനോദ്കുമാര്‍, കെ.പി രാധാകൃഷ്ണന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
രാജേഷിന്റെ മാതാവ് ഡോ.സുശീല വര്‍ഗീസ്, ഭാര്യ കെസിയ, ഏക മകള്‍ നതാനിയ. മുത്തുമാരിയാണ് മുത്തയ്യയുടെ ഭാര്യ. മക്കള്‍ പവിത്ര, പവിന്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."